കെഎൽഐബിഎഫ് മൂന്നാംപതിപ്പിന് ഇന്ന് സമാപനം

തിരുവനന്തപുരം: വായനക്കാരെയും പ്രസാധകരെയും ഒരുമിപ്പിച്ച് അറിവിന്റെയും അനുഭൂതിയുടെയും പുതിയതലങ്ങൾ സൃഷ്ടിച്ച മൂന്നാമത് നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് തിങ്കളാഴ്‌ച സമാപനം. 166 ദേശീയ –-അന്തർദേശീയ പ്രസാധകർ മേളയിലെത്തി. സമാന്തര പ്രസാധകർക്കും മികച്ച അവസരമൊരുക്കി.
ഇത്തവണയും മുന്നൂറിലധികം പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. നിരവധി എഴുത്തുകാർ മേളയുടെ ഭാഗമായി. പ്രമുഖരുടെ സംഭാഷണം, സംവാദം എന്നിവയിലും വൻ പങ്കാളിത്തമുണ്ടായി. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന സമാപനചടങ്ങ് നടൻ പ്രകാശ്‌രാജ് ഉദ്‌ഘാടനം ചെയ്യും. പകൽ 3.30ന് ഇന്ദ്രൻസിനെ ആദരിക്കും. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും.
വേദി ഒന്നിൽ പെൺകരുത്തിന്റെ ശബ്ദങ്ങൾ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, ബി എം സുഹറ, രേഖാരാജ്, ഷീബ അമീർ, ഡോ. അനു ഗോപിനാഥ് എന്നിവർ പങ്കെടുക്കും. ഡയലോഗ് സെഷനിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും എം ബി രാജേഷും സംസാരിക്കും.
അച്ചടി മാധ്യമത്തിന്റെ ആയുസ് എന്ന പാനൽ ചർച്ചയുണ്ടാകും. വിവിധ വേദികളിൽ പുസ്‌തക പ്രകാശനവും നടക്കും. രാത്രി ഏഴുമുതൽ സിതാര കൃഷ്‌ണകുമാർ, രമ്യ നമ്പീശൻ, വിധു പ്രതാപ് തുടങ്ങിയവരും സഭയിലെ പാട്ടുകാരും സീരിയൽ താരങ്ങളും കോമഡി താരങ്ങളും പങ്കെടുക്കുന്ന പരിപാടിയും നടക്കും.









0 comments