ബിജെപി സർക്കാരിനെക്കുറിച്ച് കൃത്യമായ നിലപാടുണ്ട്: കെ കെ ശൈലജ

തൃശൂർ: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെക്കുറിച്ച് സിപിഐ എമ്മിന് കൃത്യമായ നിലപാടുണ്ടെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം തൃശൂർ ബിഎസ്‌എൻഎൽ ഓഫീസിലേക്ക് നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ബിജെപി സർക്കാർ അതീവ അപകടകരമാണ്. നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സർക്കാരാണത്. മാധ്യമങ്ങൾക്ക് സംശയം വേണ്ട.
നല്ല ധാരണയോടെയാണ് പാർടിയുടെ രാഷ്‌ട്രീയ പ്രമേയത്തിൽ ഫാസിസത്തെ വിലയിരുത്തിയിട്ടുള്ളത്. ബിജെപിയും ആർഎസ്‌എസും ഫാസിസം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഫാസിസം വന്നിട്ട് മതി അതിനെതിരായ പോരാട്ടമെന്ന് പറയാനാകുമോ. കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്ന ഫാസിസ്‌റ്റ് പ്രവണതകളിൽ ഓരോന്നിനേയും എതിർത്ത് മുന്നോട്ട്‌പോകണം. ജർമനിയിൽ ഹിറ്റ്‌ലറുടെ ഫാസിസ്‌റ്റ് സർക്കാർ തെരഞ്ഞെടുപ്പ് ഇല്ലാതാക്കി പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കി. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കി. പ്രാണവായുപോലും ശ്വസിക്കാനാകാതെയാണ് ലക്ഷങ്ങൾ മരിച്ചത്. ഫാസിസത്തെ പരാജയപ്പെടുത്തിയത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റുകാരാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യ ഭരണത്തിലൂടെ ഫാസിസ്‌റ്റ് പ്രവണത കാണിച്ചയാളാണ് ഇന്ദിരാഗാന്ധി. എന്നാൽ ഇന്ദിരാഗാന്ധിയെ ഫാസിസ്‌റ്റ് എന്ന് വളിച്ചിട്ടില്ല. ഇന്ദിരയെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി ഫാസിസം നടപ്പാക്കാനാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിട്ടത്. 400 സീറ്റിൽ കൂടുതൽ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയത്. എന്നാൽ അതിനവർക്ക് കഴിഞ്ഞില്ല.
രാജ്യത്ത് ശക്തമായ ഇടതുപക്ഷ ആശയമുള്ളതിനാലാണിത്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ചത് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ സിപിഐ എമ്മാണ്. ഇത് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പറയുകയുണ്ടായി. ന്യൂനപക്ഷങ്ങളേയും കമ്യൂണിസ്‌റ്റുകാരെയും ഉൻമൂലനം ചെയ്‌തുവേണം ഫാസിസം നടപ്പാക്കാനെന്ന് ബിജെപിക്കറിയാം. അതിനുള്ള പ്രവണതകളാണ് നിലവിൽ കാണിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങളിൽ ബിജെപിക്ക് കണ്ണുകടിയാണ്. കേരളം പിന്നോക്കാവസ്ഥയിലായെങ്കിലേ സഹായം ലഭിക്കൂവെന്ന് കേന്ദ്ര മന്ത്രി പറയുന്നത് അതിനാലാണെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments