വഖഫ് ഭേദഗതി നിയമ പ്രകാരം മുനമ്പം പ്രശ്നത്തിന് പരിഹാരം കാണാനാവില്ല: മന്ത്രി കിരൺ റിജിജു

കൊച്ചി: വഖഫ് ഭേദഗതി നിയമവും മുനമ്പം പ്രശ്ന പരിഹാരവും തമ്മിൽ ബന്ധപ്പെടുത്താനാവില്ലെന്ന് സമ്മതിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. പുതിയ നിയമം മുനമ്പം പ്രശ്നത്തിന് പരിഹാരമല്ലെന്ന് മന്ത്രി സമ്മതിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബിജെപി സർക്കാരിന്റെ മുഴുവൻ പ്രചാരണങ്ങളെയും തള്ളി മന്ത്രിയുടെ ഏറ്റു പറച്ചിൽ.
വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് വിളിച്ചു ചേർത്ത ‘നന്ദി മോദി ബഹുജനകൂട്ടായ്മയിൽ’ പങ്കെടുത്ത ശേഷം തന്നെയാണ് മന്ത്രി കേസിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞത്.
മുനമ്പത്തെ ജങ്ങൾക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി നിയമത്താൽ സാധ്യമാവില്ല. സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരേണ്ടി വരും എന്നായിരുന്നു വാക്കുകൾ. പാർലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി നിയമം അവതരിപ്പിച്ചത് കിരൺ റിജിജുവാണ്. ആ ഘട്ടങ്ങളിൽ എല്ലാം മുനമ്പം പ്രശ്നവുമായി നിയമ ഭദഗതിയെ ബന്ധിപ്പിച്ച് പ്രതിഷേധങ്ങളെ വഴിതിരിക്കാൻ ശ്രമിച്ചിരുന്നു. മുനമ്പം ജനതക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഏറ്റു പറഞ്ഞിരുന്നു.
മുനമ്പം തീരത്ത് 404 ഏക്കറോളം വരുന്ന ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യൂ നിബന്ധനകൾക്ക് അനുസൃതമായി അവരവരുടെ ഭൂമി നിയമപരമായി സ്വന്തമാക്കാൻ പുതിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമുണ്ടായിരുന്നില്ല.
നിലവിൽ മുനമ്പത്തെ ആളുകൾ കോടതിയിൽ കേസ് നടത്തുന്നുണ്ട്. അതുപ്രകാരം ഈ കുടുംബങ്ങൾക്ക് കോടതിയിൽ നിന്നൊരു ആശ്വാസം കിട്ടും എന്നു മാത്രമാണ് ക്ഷേമകാര്യ മന്ത്രി മറുപടി പറഞ്ഞത്.

മുനമ്പം ജനതക്ക് നീതി ലഭിക്കാൻ നിയമ ഭേദഗതി കോടതിയിൽ സഹായകമായേക്കാം എന്ന പ്രതീക്ഷയിലേക്ക് സമരക്കാരെ അനുനയിപ്പിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം. മുനമ്പത്തേത് ഇത്തരത്തിലുള്ള ആയിരകണക്കിന് പരാതികളിൽ ഒന്നാണെന്ന് ചൂണ്ടികാട്ടുകയും ചെയ്തു.
കേന്ദ്ര സർക്കാർ ഈ നിയമത്തെക്കുറിച്ച് ഇതുവരെ പറഞ്ഞ എല്ലാ വാദങ്ങളിൽ നിന്നും ഒറ്റയടിക്ക് പിന്നോട്ടടിച്ചു. കോടതി വഴി നീതി എന്ന പ്രതീക്ഷയിലേക്ക് എത്തിച്ച് തലയൂരി. എല്ലാ സംസ്ഥാനങ്ങളിലെയും വഖഫ് ട്രിബ്യൂണലുകളും ബോർഡുകളും പുനസംഘടിപ്പിക്കും എന്നും മന്ത്രി പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിലൂടെ വിഭാഗീയത കത്തിച്ചു നിർത്തി. ഇതിനു പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ മുനമ്പം മുൻ നിർത്തി ജനവികാരം തിരിച്ചുവിടുക ലക്ഷ്യം വെച്ചു. ഈ ആസൂത്രിത നീക്കങ്ങൾക്കിടെയാണ് മന്ത്രി റിജിജു കൊച്ചിയിൽ എത്തിയത്. ആസൂത്രിത അജണ്ടകളുടെ പിന്നാമ്പുറം അറിയാതെ മന്ത്രി കാര്യം പറഞ്ഞു.

വൈദികർ ഉൾപ്പെടെ തുറന്നു പറഞ്ഞ കാര്യം
മുനമ്പത്ത് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്ന് നേരത്തെ കരുതിയതാണെന്നും വൈകാരികമായി കാര്യങ്ങൾ എടുക്കരുതെന്ന് നേരത്തെതന്നെ മുനമ്പം ജനതയോട് പറഞ്ഞതാണെന്നും കോട്ടപ്പുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമരസമിതിയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും ബിഷപ്പ് ആംബ്രോസ് ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിന് നിയമപരമായ പരിഹാരം തേടാമെന്നും പറഞ്ഞു.









0 comments