22 പദ്ധതികൾക്ക് 972.45 കോടി ; കിഫ്‌ബി ബോർഡ് യോഗം ധനാനുമതി നൽകി

തിരുവനന്തപുരം
സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനരംഗത്ത് വലിയ മാറ്റം വരുത്തുന്ന 972.45 കോടിയുടെ 22 പദ്ധതികൾക്ക് കിഫ്‌ബി ബോർഡ് ധനാനുമതി നൽകി. അടിസ്ഥാന വികസനരംഗത്ത് വൻ കുതിപ്പുണ്ടാക്കിയ കിഫ്‌ബി ഇതിനകം 89,811.77 കോടി രൂപയുടെ 1179 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 35,408.52 കോടി ചെലവഴിച്ചു. 19,787.47 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി.
ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചു പദ്ധതികളിലായി 154.91 കോടി, ആരോഗ്യരംഗത്ത് നാലുപദ്ധതികളിലായി 110.07 കോടി, പൊതുമരാമത്തിൽ നാലുപദ്ധതികളിലായി 107.55 കോടി, വനം വകുപ്പിൽ നാലുപദ്ധതികളിലായി 25.71 കോടി, ഐടിയിൽ 293.23 കോടി, ശാസ്ത്ര–സാങ്കേതിക വിഭാഗത്തിൽ 221.10 കോടി, ജലവിഭവം 43.65 കോടി, കോസ്റ്റൽ ഷിപ്പിങ്, ഉൾനാടൻ ജലഗതാഗത വിഭാഗത്തിൽ -14.61 കോടി, തദ്ദേശഭരണം 1.61 കോടി എന്നിങ്ങനെയാണ് പദ്ധതികൾ നടപ്പാകുക.
പദ്ധതി അവലോകനം പൂർത്തിയാകാറായ എട്ടെണ്ണത്തിന് 204.44 കോടിയുടെ തത്വത്തിലുള്ള അനുമതി നൽകി. തിരുവനന്തപുരത്ത് ഇലക്ട്രിക് വെഹിക്കിൾ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കാനുള്ള 382 കോടിയുടെ പദ്ധതിയും ഇതിൽപെടും.
ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ
• കണ്ണൂരിൽ ഐടി പാർക്കിന് 293.23 കോടി, പുതിയ സയൻസ് പാർക്കിന് 221.10 കോടി
• എം ജി സർവകലാശാലയിൽ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ മികവിന്റെ കേന്ദ്രത്തിന് 61.55 കോടി
• കണ്ണൂർ സർവകലാശാലയിൽ ട്രാൻസലേഷൻ റിസോഴ്‌സ് സെന്ററിന് 12.28 കോടി
• കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി ബ്ലോക്കിന് 54.69 കോടി
• തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകൾക്ക് 29.44 കോടി
• തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് 22.94 കോടിയും പീരുമേട് താലൂക്ക് ആശുപത്രിക്ക് മൂന്നുകോടിയും
• തിരുവനന്തപുരം പൊഴിയൂരിൽ (കൊല്ലംകോട്) തീരദേശ സംരക്ഷണത്തിന് 43.65 കോടി
• കണിയാപുരം റെയിൽവേ മേൽപാലത്തിന് 48.74 കോടിയും കുമ്പളങ്ങി (എഴുപുന്ന) റെയിൽവേ മേൽപ്പാലത്തിന് 38.63 കോടിയും
• കലിക്കറ്റ് സർവകലാശാലയിൽ ഹോസ്‌റ്റലുകൾ നിർമിക്കാൻ 36.25 കോടി
• മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നാലു പദ്ധതികളിലായി 25.71 കോടി
• തിരുവനന്തപുരം ഗവ. വനിതാ കോളേജിന് 18.76 കോടി.









0 comments