റെക്കോഡിട്ട് ഓണം ഖാദി മേള
തലമുറകളുടെ ഹൃദയം തൊട്ട് ഖാദി ; വിൽപ്പന 24.81 കോടി


ഫെബിൻ ജോഷി
Published on Sep 18, 2025, 02:34 AM | 1 min read
ആലപ്പുഴ
തലമുറഭേദങ്ങളില്ലാതെ ഹൃദയങ്ങളിൽ ഇടംപിടിക്കുകയാണ് ഖാദിയുടെ ഖ്യാതിയെന്ന് തെളിയിക്കുകയാണ് ഓണവിപണിയിൽ നേടിയ റെക്കോഡ് വിൽപ്പന. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ‘എനിക്കും വേണം ഖാദി' എന്ന സന്ദേശത്തോടെ ആഗസ്‌ത് ഒന്നുമുതൽ സെപ്‌തംബർ നാലുവരെ ഓണം ഖാദി മേളകളിലൂടെ നേടിയത് 24,81,95,947 രൂപയുടെ വിൽപ്പന. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ 45 ഓളം വിപണനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മേളകളിലൂടെയാണ് റെക്കോഡ് നേട്ടം.
ഖാദി ബോർഡ് 19,99,20,766 രൂപയുടെയും കണ്ണൂർ, കാസർകോഡ് ജില്ലകളിൽനിന്നായി പയ്യന്നൂർ ഖാദി കേന്ദ്രം 4,82,75,182 രൂപയുടെയും വിൽപ്പന നടത്തി. ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്‌ടറുടെ കീഴിൽ നേരിട്ടുള്ള എറണാകുളം കലൂരിലെയും (2.36 കോടി) തിരുവനന്തപുരം എം ജി റോഡിലെയും (1.06 കോടി) വലിയ വിൽപ്പനകേന്ദ്രങ്ങളിൽമാത്രം 3.43 കോടിയുടെ വിൽപ്പന നടന്നു. ഓണവിപണിയിൽനിന്ന് കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് കോടിയുടെ അധികവരുമാനം നേടാനായി.
എൽഡിഎഫ് സർക്കാറുകൾക്ക് കീഴിൽ മന്ത്രി പി രാജീവ്, വൈസ് ചെയർമാൻ പി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയതീരങ്ങൾ തേടുകയാണ് ഖാദി ഗ്രാമവ്യവസായ ബോർഡ്. ആകർഷകമായ സമ്മാന പദ്ധതികളിലൂടെയും പുതുതലമുറ ഖാദിവസ്‌ത്രങ്ങൾ വിപണിയിലിറക്കി പ്രചാരണം വർധിപ്പിച്ചതുമാണ് നേട്ടത്തിന് കരുത്തായത്. വിലക്കുറവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മേളകളിൽ എത്തിച്ചതോടെ ജനം മേള ഏറ്റെടുത്തു.
ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ സർക്കാർ റിബേറ്റും ഡിസ്‌കൗണ്ടിനുംപുറമേ ഓരോ 1000 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോഴും സമ്മാനക്കൂപ്പണുകളും ഖാദി ബോർഡ് പുറത്തിറക്കിയിരുന്നു. ആഴ്‌ചതോറുമുള്ള ജില്ലാതല നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ നൽകി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കി. ഖാദി ബോർഡിന്റെ തനതായ ഉൽപ്പന്നങ്ങൾക്കുപുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും വിൽപ്പനയ്‌ക്കെത്തിച്ചിരുന്നു.








0 comments