29 ഒടിടി പ്ലാറ്റ്‌ഫോം , 350 ഡിജിറ്റൽ ടിവി
കെ ഫോണിൽ ഇനി ഒടിടിയും ; 444 രൂപ മുതൽ പാക്കേജ്

തിരുവനന്തപുരം
ഒടിടി പ്ലാറ്റ്‌ഫോമിൽ പുതുചരിത്രമെഴുതി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’. 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റൽ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് കെ ഫോൺ തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടികൾ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
സമഗ്രവികസനം മുൻനിർത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തമായ ചുവടുവയ്‌പാണ് കെ ഫോൺ ഒടിടി എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണ്‍ സേവനമാരംഭിച്ച് ഒരുവർഷം പിന്നിടുമ്പോൾ ഒരുലക്ഷം കണക്ഷൻ എന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള ലൈസൻസും നേടിയാണ് കെ ഫോണിന്റെ വളർച്ച.
അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷം കണക്‌ഷൻ നല്‍കാനാകും. വൻ കോർപ്പറേറ്റുകൾ ഇന്റർനെറ്റ് കണക്ഷനുകൾ നഗരങ്ങളിൽ വ്യാപിപ്പിക്കുമ്പോൾ കെ ഫോൺ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഐടി മിഷൻ ഡയറക്‌ടർ സന്ദീപ് കുമാർ, ഐടി വകുപ്പ് സ്‌പെഷൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ ഫോൺ സിടിഒ ആർ എസ് മുരളി കിഷോർ എന്നിവര്‍ സംസാരിച്ചു. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.
444 രൂപ മുതൽ ഒടിടി പാക്കേജ്
കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകൾ:
•444 രൂപ – 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. മൂന്നു മാസത്തേക്ക്–1265 രൂപ, ആറ് മാസത്തേക്ക്–2398 രൂപ, ഒരു വര്‍ഷം 4529 രൂപ
•599 രൂപ– 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം–1707 രൂപ, ആറ് മാസം–3235 രൂപ, ഒരു വര്‍ഷം– 6110 രൂപ
• 799 രൂപ– 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം–2277 രൂപ, ആറ് മാസം–4315 രൂപ, ഒരു വര്‍ഷം– 8150 രൂപ
• 899 രൂപ– 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. മൂന്ന് മാസം–2562 രൂപ, ആറ് മാസം–4855 രൂപ, ഒരു വര്‍ഷം–9170 രൂപ
• 999 രൂപ– 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റൽ ചാനൽ. മൂന്ന് മാസം–2847 രൂപ, ആറു മാസം–5395 രൂപ, ഒരു വർഷം– 10190 രൂപ









0 comments