വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിലും ആവാം; ചെറുകിടക്കാരെ ചേർത്ത് പിടിച്ച് നിയമ പരിഷ്കരണം

വ്യവസായങ്ങൾക്ക് എല്ലാ തട്ടിലും പ്രവർത്തനങ്ങൾ എളുപ്പമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം സംരംഭകരിൽ പുതിയ പ്രതീക്ഷയും ഊർജ്ജവും പകരുന്നു. വീടുകളിൽ തന്നെ ചെറുകിട ഉൽപന്നങ്ങൾ നിർമ്മിച്ച് ഉപജീവനം കണ്ടെത്തുന്നവർക്ക് വരെ ഇനി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കാം. അവർക്കും വ്യവസായ സംരംഭക പദവി ഔദ്യോഗികമായി ലഭിക്കും. ലോണെടുക്കാനും ജി എസ് ടി രജിസ്ട്രേഷൻ നേടാനും മാർക്കറ്റിങ്ങിനും ബ്രാന്റിങ്ങിനും എല്ലാം ഇനി എളുപ്പമാവും.
ചെറുകിട സംരംഭങ്ങൾക്ക് നേട്ടം, ഇതര വിഭാഗത്തിന് ലൈസൻസ് ആവശ്യം
മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാറ്റഗറി ഒന്നിൽ വരുന്ന വെള്ള പച്ച വിഭാഗങ്ങൾക്ക് പഞ്ചായത്തിലെ റജിസ്ട്രേഷൻ തന്നെ മതിയാവും. ഇതു തന്നെയാവും അവരുടെ ഔദ്യോഗിക നിലനിൽപിന്റെ രേഖയും.
എന്നാൽ കാറ്റഗറി രണ്ടിലെ ചുവപ്പ്, ഓറഞ്ച് വിഭാഗങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി തുടർന്നും ആവശ്യമാവും. ഇത് നേരത്തെ തന്നെ നിലവിലുള്ള നിബന്ധന പ്രകാരം തന്നെയാവും സാധ്യമാവുക. ഇവയാവട്ടെ വൻകിട സംരംഭങ്ങളുടെ കാര്യത്തിലാണ് ബാധകമാവുന്നത്.
ചുവപ്പ് ഓറഞ്ച് വിഭാഗത്തിൽ വരുന്നത് വൻകിട സംരംഭങ്ങളാണ്. ഒന്നാം പട്ടികയിൽ വരുന്ന ഇവ വലിയ ഉല്പാദന ശാലകളുടെ വിഭാഗത്തിലാണ്. ഫാക്ടറികളും നിർമ്മാണശാലകളും ഇവയിലാവും. ഇവ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തുടർന്നും നേടിയിരിക്കണം. ലൈസൻസും പതിവ് നടപടി ചട്ടങ്ങളും നിയമപരമായി ഉറപ്പാക്കണം.
വീട്ടിലായാലും സ്വന്തം നിലത്തായാലും വ്യവസായം തന്നെ
മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാറ്റഗറി രണ്ടിൽ പെടുന്നവയാണ് ഇതര സംരംഭങ്ങൾ. ഇവ കുടിൽ വ്യവസായം പോലെയും വ്യക്തികളുടെയും കുടുംബങ്ങളുടെയും സംരംഭങ്ങളായും പ്രവർത്തിക്കുന്നവയാണ്. ഔദ്യോഗിക സ്വഭാവത്തോടെയും അംഗീകാരത്തോടെയും ഇവർക്കും പ്രവർത്തിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വ്യവസായം എന്ന പദവി തന്നെ ഇവർക്കും ലഭിക്കും.

സ്ഥാപനത്തിനും ഉൽപാദിപ്പിക്കുന്ന വസ്തുക്കൾക്കും മാറ്റമില്ലെങ്കിൽ ഇത്തരം ചെറുകിട സ്ഥാപനങ്ങൾ കൈമാറാനും വിൽക്കാനും ഔദ്യോഗികമായി തന്നെ അംഗീകാരം ലഭിക്കയും ചെയ്യും. ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസസൻസ് ലഭിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാവും. ഓരോ സാമ്പത്തിക വർഷവും ലൈസൻസ് അവസാനിക്കും എന്ന പ്രതിസന്ധിയില്ല.
ലൈസൻസ് വേണ്ടവർക്കും ഇളവ്
ലൈസൻസ് ഫീസ് ഇനത്തിലും ഇളവ് ലഭിക്കും. ഫീസ് കണക്കാക്കുന്നതിൽ വീടുകളിലും മറ്റും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കൂട്ടി കണക്കാക്കുന്നത് ഒഴിവാക്കും. വീടുകളുടെ 50 ശതമാനം വരെ സംരംഭക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം എന്ന ആകർഷണവും ഉണ്ട്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. ചട്ടങ്ങൾ വ്യവസായ വികസനത്തിന്റെ അടിത്തറ ബലപ്പെടുത്തുമെന്ന പ്രതീക്ഷയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കുവെച്ചത്. ഇത് സ്വന്തമായി വ്യവസായ സംരഭങ്ങൾ സ്വപ്നം കാണുന്നവർക്കും ആസൂത്രണം ചെയ്യുന്നവർക്കും വലിയ അവസരം തുറക്കുകയുമാണ്.









0 comments