സിൻഡിക്കറ്റ് വിളിക്കാതെ വിസി; തീരുമാനങ്ങൾ തിരുത്തേണ്ടിവരുമെന്ന് പേടി

തിരുവനന്തപുരം:
ഉടനടി സിൻഡിക്കറ്റ് കൂടണമെന്ന് കത്ത് ലഭിച്ചെങ്കിലും സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. കേരള സർവകലാശാല രജിസ്ട്രാർ ചുമതല നൽകിയ മിനി കാപ്പന്റെ നിയമ വിരുദ്ധ നിയമനമടക്കം റദ്ദ് ചെയ്യപ്പെടുമെന്ന പേടിയിലാണ് വിസിയുടെ ഒളിച്ചുകളി. കേരള സർവകലാശാല ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനും നടപടിയെടുക്കാനും സിൻഡിക്കേറ്റിനാണ് അധികാരം. ഈ അധികാരം കവർന്നെടുത്താണ് നിയപരമായി പ്രവർത്തിച്ച രജിസ്‌ട്രാർ കെ എസ് അനിൽകുമാറിനെ വിസി സസ്‌പെൻഡ് ചെയ്‌തത്.
സസ്‌പെൻഷൻ കഴിഞ്ഞ ഞായറാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കുകയും ഹൈക്കോടതി ഇത് ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു. വീണ്ടും സിൻഡിക്കേറ്റ് കൂടിയാൽ മിനി കാപ്പന്റെ നിയമനവും സിൻഡിക്കേറ്റ് റദ്ദാക്കിയേക്കും. ഇതു വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗം വിളിക്കാതെ ഒളിക്കുന്നത്. സിൻഡിക്കേറ്റ് കൂടണമെന്ന് ആവശ്യപ്പെട്ട് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരനാണ് കത്ത് നൽകിയത്.
രജിസ്ട്രാർ ചുമതലയിൽ തുടരാൻ
മിനി കാപ്പനെ നിർബന്ധിച്ച് വിസി
കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ തുടരാൻ മിനി കാപ്പനെ നിർബന്ധിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ നിയമനത്തിൽ, നടപടി ഭയന്ന് രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനികാപ്പൻ കത്ത് നൽകിയിരുന്നു. എന്നാൽ താൻ സർവകലാശാലയിൽ എത്തുംവരെ തുടരണമെന്ന് മോഹനൻ കുന്നുമ്മൽ അഭ്യർഥിച്ചതായാണ് വിവരം.









0 comments