യുവ നേതൃത്വത്തിനുനേരെ ഗുരുതര പരാതികൾ ; കുഴഞ്ഞ്‌ യുഡിഎഫ്‌

kerala udf in trouble
avatar
സി കെ ദിനേശ്‌

Published on Sep 13, 2025, 02:05 AM | 1 min read


തിരുവനന്തപുരം

കോൺഗ്രസിലെയും മുസ്ലിംലീഗിലെയും യുവ നേതൃത്വത്തിനുനേരെ ഗുരുതര പരാതികൾ ഉയർന്നതോടെ മറുപടിയില്ലാതെ യുഡിഎഫ്‌. പീഡന, സാന്പത്തിക വെട്ടിപ്പ്‌, ക്രിമിനൽ പരാതികളാണ്‌ തെളിവുസഹിതം പുറത്തുവരുന്നത്‌.


കോൺഗ്രസിലെ പുതുനേതൃത്വമായ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറന്പിലും പ്രവർത്തകരിൽനിന്നുതന്നെ എതിർപ്പ്‌ നേരിടുന്നു. രാഹുലിനെതിരെ ഉയരുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യ ആരോപണങ്ങളും തലവേദനയാകുന്നു. യൂത്ത്‌ ലീഗ്‌ നേതാവ്‌ പി കെ ഫിറോസിനെതിരെ അതീവഗുരുതരമായ സാന്പത്തിക വെട്ടിപ്പിന്റെ വിവരങ്ങളാണ്‌ കെ ടി ജലീൽ പുറത്തുവിട്ടത്‌. എന്നാൽ, രാഹുൽ, ഷാഫി, ഫിറോസ്‌ സംഘം കൂട്ടായിട്ടാണ്‌ ബിസിനസ്‌ നടത്തുന്നതെന്നും ഇതിനുള്ള പണം പാർടികളിൽനിന്ന്‌ വെട്ടിപ്പിലൂടെ കണ്ടെത്തിയതാണെന്നുമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.


അരക്കോടിയോളം രൂപ മുടക്കുള്ള ഫ്രൈഡ്‌ ചിക്കൻ കന്പനിയുടെ ഫ്രാഞ്ചൈസി നടത്തുന്നുണ്ടെന്നും ഗൾഫ്‌ രാജ്യങ്ങളിൽ ജോബ്‌ വിസയുണ്ടെന്നും കന്പനി നടത്തുന്നുണ്ടെന്നും ഫിറോസ്‌ സമ്മതിച്ചിട്ടുണ്ട്‌. മാസം അഞ്ചരലക്ഷമാണ്‌ ശന്പളം. നിയമസഭയിലേക്ക്‌ മത്സരിച്ചപ്പോൾ ഇടക്കാലത്തേക്ക്‌ ജോബ്‌ വിസ റദ്ദാക്കിയിരുന്നെന്ന്‌ പറയുന്ന ഫിറോസ്‌ പക്ഷെ, അതെന്തിനായിരുന്നെന്ന്‌ വ്യക്തമാക്കുന്നില്ല. മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനെന്ന്‌ പറയുന്ന ഫിറോസ്‌ എപ്പോഴാണ്‌ ഇത്രയധികം വരുമാനമുള്ള കന്പനി നടത്തുന്നത്‌ എന്നും ചോദ്യമുയരുന്നു.


വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം പിടിച്ചടക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ സംഘം വൻതോതിൽ പണം ഇറക്കിയതായി അക്കാലത്തുതന്നെ വാർത്തകളുണ്ടായിരുന്നു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്‌ നൽകിയ തുകയ്ക്ക്‌ പുറമേ കോടികൾ ചെലവാക്കി. വയനാട്‌ ഫണ്ടടക്കം കോൺഗ്രസും യൂത്ത്‌ കോൺഗ്രസും പിരിച്ച കോടികൾ എന്തുചെയ്തെന്ന ചോദ്യത്തിന്‌ രാഹുലോ കെപിസിസിയോ ഉത്തരം പറഞ്ഞിട്ടില്ല. കെപിസിസി എതിർത്തിട്ടും രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായി പി വി അൻവറിനെ സന്ദർശിച്ചതെന്തിനെന്നും പുറത്തുവന്നിട്ടില്ല.

പാർടിയുടെയും യുവജനസംഘടനയുടെയും പേരിൽ കോടികൾ വെട്ടിക്കുക, ബിസിനസ്‌ നടത്തി ലാഭം കൊയ്യുക, പാർടിയിൽ സ്വാധീനമുണ്ടാക്കാനും ശത്രുക്കളെ നിഗ്രഹിക്കാനും തുക ചെലവഴിക്കുക എന്ന തന്ത്രമാണ്‌ യുഡിഎഫിലെ പുതുനേതൃത്വം പയറ്റുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home