ലോക നെറുകയിൽ വീണ്ടും കേരള ടൂറിസം: 'പാറ്റാ' ​ഗോൾഡ് അവാർഡ് ഏറ്റുവാങ്ങി മന്ത്രി റിയാസ്

pata gold award
വെബ് ഡെസ്ക്

Published on Aug 27, 2025, 06:32 PM | 1 min read

ബാങ്കോക്ക്: കേരള ടൂറിസത്തിന് വീണ്ടും ആഗോള അംഗീകാരം. കേരള ടൂറിസത്തിന് ലഭിച്ച പാറ്റാ ​ഗോൾഡ് അവാർഡ് 2025 ബാങ്കോക്കിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേളയിൽ വച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിനാണ് ആഗോള അംഗീകാരം. കേരള ടൂറിസത്തിന്റെ മീം അധിഷ്ഠിത കാമ്പയിനാണ് പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ)2025 ലെ സുവർണ പുരസ്കാരം ലഭിച്ചത്.


‘മോസ്റ്റ് എൻഗേജിങ്‌ സോഷ്യൽ മീഡിയ കാമ്പയിൻ' വിഭാഗത്തിലാണ് പുരസ്കാരം. വ്യത്യസ്ത സങ്കേതങ്ങളെ കോർത്തിണക്കി ലോകത്തെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ ഡിജിറ്റൽ പരിശ്രമത്തിനാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.


ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌സ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകൾ നേടാനുമായി. ഉപയോക്താക്കൾ തയ്യാറാക്കിയ ഉള്ളടക്കങ്ങൾ, ഇൻഫ്ളുവൻസർമാരുടെ സഹകരണം തുടങ്ങിയവയൊക്കെ പുരസ്കാരത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് പുരസ്കാരം നൽകുന്നത്.


തായ്ലൻഡലെ ബാങ്കോക്കിൽ ചൊവ്വാഴ്ച ആരംഭിച്ച മേള 28ന് അവസാനിക്കും. മേളയിൽ കേരള ടൂറിസത്തിന്റെ ഔദ്യോ​ഗിക സ്റ്റാളും തുറന്നിരുന്നു. തായ്ലാൻഡിലെ ഇന്ത്യൻ അംബാസിഡറുമായി കേരളത്തിൻ്റെ വെൽനസ് ടൂറിസത്തിൻ്റെ സാദ്ധ്യതകളെ കുറിച്ച് ചർച്ച ചെയ്തതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ നടക്കാൻ പോകുന്ന വെൽനസ് കോൺക്ലേവിലേക്ക് തായ്ലാൻഡ് പ്രതിനിധികളെ പ്രത്യേകം ക്ഷണിച്ചതായും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home