കരട് വോട്ടർപ്പട്ടിക : പേര് ഉൾപ്പെടുത്താനായി 1.10 ലക്ഷം അപേക്ഷ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ പേര് ഉൾപ്പെടുത്താനായി ലഭിച്ചത് 1,10,256 അപേക്ഷ. തിരുത്തലിനായി 1305 അപേക്ഷയും പ്രദേശം മാറ്റാനായി 7200 അപേക്ഷയും ലഭിച്ചു. മരിച്ചവരുടെ പേര് സ്വമേധയാ ഒഴിവാക്കാൻ സെക്രട്ടറിമാരുടേതായി 5664 അപേക്ഷയും വ്യക്തികളുടെ 5662 അപേക്ഷയും ലഭിച്ചു.
ബുധനാഴ്‌ചയാണ് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. ആഗസ്ത് ഏഴുവരെ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും അവസരമുണ്ട്. sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ് തീയതിയിൽ നേരിട്ട് ഹാജരാകണം.
ഓൺലൈനിലല്ലാതെ നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിയും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ. നിലവിലെ വോട്ടർപ്പട്ടിക പുതിയ വാർഡുകളിൽ പുനഃക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിങ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.









0 comments