print edition കൂറുമാറ്റം : അയോഗ്യരാക്കിയത് 206 പേരെ


ബിജോ ടോമി
Published on Nov 13, 2025, 12:52 AM | 2 min read
തിരുവനന്തപുരം
കൂറുമാറ്റംമൂലം തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയത് 206 പേരെ. ഇവർക്ക് ആറു വർഷത്തേക്ക് മത്സരിക്കാനാകില്ല. 2019ൽ നവംബർ 10ന് ശേഷം നാലുപേരെയാണ് അയോഗ്യരാക്കിയത്.
കൂടുതൽ പേരെ അയോഗ്യരാക്കിയത് ഇൗ വർഷമാണ്. 79 പേർ. 2020ൽ 14, 2022ൽ 21, 2023ൽ 32, 2024ൽ 56 എന്നിങ്ങനെയാണ് അയോഗ്യർ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥ പർലമെന്റ്, നിയമസഭാ അംഗങ്ങളുടെ കൂറുമാറ്റം തടയുന്നതിനുള്ള നിയമങ്ങളെക്കാൾ കർക്കശമാണ്. രാഷ്‌ട്രീയ കക്ഷികളുടെ പിളർപ്പ്, ലയനം എന്നിവ മൂലമുണ്ടാകുന്ന അയോഗ്യത തദ്ദേശ സ്ഥാപനങ്ങളിൽ ബാധകമല്ല. ഒരു രാഷ്‌ട്രീയ കക്ഷിയുടെ അംഗമായി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെട്ടശേഷം രാഷ്‌ട്രീയ കക്ഷി വിട്ടുപോകുകയും ചെയ്‌താൽ അംഗത്വം സ്വമേധയ ഉപേക്ഷിച്ചതായി കണക്കാക്കി അയോഗ്യരാക്കും. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾ പിന്നീട് ഒരു രാഷ്‌ട്രീയ കക്ഷിയിൽചേരുന്നതും അയോഗ്യതയ്‌ക്ക് കാരണമാണ്.
രാഷ്‌ട്രീയ പാർടിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച സ്വതന്ത്രനെ ആ രാഷ്‌ട്രീയ പാർടിയിലെ അംഗമായാണ് കണക്കാക്കുക. രാഷ്‌ട്രീയ കക്ഷിയുടെ നിർദേശത്തിന് (വിപ്പ്) വിരുദ്ധമായി ഏതെങ്കിലും യോഗത്തിൽ വോട്ട് ചെയ്യുകയോ ചെയ്യാതിക്കുകയോ ചെയ്‌താലും അയോഗ്യരാകും. രാഷ്‌ട്രീയ കക്ഷിയുടെ നിർദേശത്തിന് വിരുദ്ധമായി തദ്ദേശസ്ഥാപന പദവി ഒഴിയാതിരുന്നാലും കൂറുമാറ്റം കണക്കാക്കി അയോഗ്യരാക്കും. സസ്‌പെൻഷനിൽ ആണെങ്കിലും രാഷ്ട്രീയകക്ഷിയുടെ നിർദേശം പാലിക്കാൻ ബാധ്യസ്ഥരാണ്.
പ്രചാരണം പരിശോധിക്കാൻ സ്ക്വാഡ്
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം നിരീക്ഷിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് കമീഷൻ മാർഗനിർദേശം ഇറക്കി.
ജില്ലാവരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കലക്ടർ/സബ് കലക്ടർ/ ഡെപ്യൂട്ടി കലക്ടറിന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും രൂപീകരിക്കാനാണ് നിർദേശം. നോട്ടീസ്, ബാനർ, ബോർഡ്, പോസ്റ്റർ, ചുവരെഴുത്ത്, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗം, മീറ്റിങ്, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണം എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും.
നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ, അനധികൃത ബോർഡ്, കമാനം, പോസ്റ്റർ എന്നിവ സംബന്ധിച്ച് പൊതുജനം അറിയിക്കുന്ന പരാതികളും സ്ക്വാഡ് പ്രത്യേകമായി പരിശോധിക്കും.
തെരഞ്ഞെടുപ്പ് ചിഹ്നം: ഒപ്പ് സാക്ഷ്യപ്പെടുത്തണം
പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അയയ്ക്കണം. ചിഹ്നം ശുപാർശ ചെയ്യാൻ അധികാരപ്പെടുത്തിയിട്ടുള്ള പാർടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പുവച്ച ശുപാർശക്കത്ത് ബന്ധപ്പെട്ട വരണാധികാരിക്ക് ചിഹ്നം അനുവദിക്കുന്ന 24ന് പകൽ മൂന്നിനകം സമർപ്പിക്കണം.









0 comments