എല്ലായിടത്തും ഉപയോഗിക്കാം ; കിടിലനായി വരുന്നു ‘കേരള സവാരി’

സുനീഷ് ജോ
Published on Apr 06, 2025, 12:15 AM | 1 min read
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പർസ്‌മാർട്ടാക്കി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കിൽ ഓട്ടോയിൽ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാർ, കെഎസ്‌ആർടിസി, വാട്ടർ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങൾ ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓൺലൈൻ ടാക്‌സി ബുക്ക് ചെയ്യാനാകും. ഓട്ടോ, കാർ ഡ്രൈവർമാർക്ക് ഓരോ ട്രിപ്പിനും കമീഷൻ നൽകേണ്ട. പകരം സബ്‌സ്‌ക്രിപ്‌ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതൽ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാൾ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവർമാർക്ക് ലഭിക്കും.
സർക്കാർ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാർ നൽകേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികൾ ആപ്പുവഴി രജിസ്റ്റർ ചെയ്യാം. സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രീപെയ്‌ഡ് കൗണ്ടറിലെ വാഹനങ്ങളിൽ ക്യുആർ കോഡ് പതിക്കും. ഇവ സ്‌കാൻ ചെയ്‌ത് വേണ്ട വിവരങ്ങൾ നൽകി വേഗത്തിൽ യാത്രക്കാർക്ക് പോകാനാകും. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ കേരള സവാരി ആപ് ഉപയോഗിച്ച് റൈഡ് ബുക്ക് ചെയ്യാനാകും. വൈകാതെ അമ്പലങ്ങളിലെ വഴിപാടുകൾക്കും ആപ്പിലൂടെ പണം നൽകാം.
തൊഴിൽവകുപ്പ്, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) പാലക്കാട്, ഐടിഐയുടെ സാങ്കേതിക പങ്കാളി ‘നമ്മ യാത്രി’ എന്നിവ ചേർന്നാണ് ആപ് സജ്ജമാക്കിയത്. സബ്‌സ്‌ക്രിപ്‌നിലൂടെ ലഭിക്കുന്ന തുകയാണ് നിശ്ചിതതോതിൽ ഏജൻസികൾ പങ്കിടുക. പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ടൂറിസംവകുപ്പ് എന്നീ വകുപ്പുകളും പദ്ധതിയുമായി സഹകരിക്കും.









0 comments