ദേശീയ താള വാദ്യോത്സവത്തിന് ഉജ്വല തുടക്കം

തൃശൂർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ താള വാദ്യോത്സവത്തിന് തൃശൂരിൽ ഉജ്വല തുടക്കം. പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഇടയ്‌ക്ക വിസ്‌മയത്തോടെയാണ് മൂന്നുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. ‘തത്തിനതകത്തോം’ എന്ന താളവാദ്യോത്സവം 13 വരെ സംഗീത നാടക അക്കാദമിയുടെ മൂന്നുവേദികളിലായാണ് നടക്കുക. ദിവസവും സെമിനാറുകളും സോദാഹരണ പ്രഭാഷണങ്ങളും കലാ അവതരണങ്ങളും നടക്കും.
താള വാദ്യ പദ്ധതികൾ അവതരിപ്പിക്കുക എന്നതിനപ്പുറം അരികുവൽക്കരിക്കപ്പെട്ടവരുടെയും സ്‌ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും അവതരണങ്ങൾ ഉത്സവത്തിന് പുതിയ മാനം നൽകുന്നു. മൂന്ന് ദിവസത്തെ ദേശീയ വാദ്യോത്സവം തബലമാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈനാണ് സമർപ്പിച്ചിരിക്കുന്നത്.
ആദ്യദിവസം അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ‘ആദ്യാക്ഷരങ്ങൾ’ എന്നപേരിൽ ചെണ്ടയിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിക്കുന്ന പുളിമുട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താളശിൽപ്പവും ഉസ്‌താദ് സാക്കിർ ഹുസൈനെക്കുറിച്ചുള്ള ഹ്രസ്വചിത്രവും അരങ്ങേറി.
ശനി രാവിലെ ആക്ടർ മുരളി തിയറ്ററിൽ തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറും. ബ്ലാക്‌ബോക്‌സിൽ രാവിലെ 10.40ന് സോദാഹരണ പ്രഭാഷണങ്ങൾ നടക്കും. കെ ടി മുഹമ്മദ് തിയറ്ററിൽ പകൽ 2.30ന് ‘പെൺകാലങ്ങൾ’ എന്ന പേരിൽ വനിതാ കലാകാരരുടെ അവതരണങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് ആക്ടർ മുരളി തിയറ്ററിൽ ബാൻഡ് വാദ്യം, ആറിന് ബ്ലാക് ബോക്‌സിൽ മദ്ദളം, 6.30 പരിഷ വാദ്യം, ഏഴിന് താളവും കുട്ടികളും എന്നിവ അരങ്ങിലെത്തും. രാത്രി 7.45ന് സുകന്യ രാംഗോപാലും സംഘവും ഘടതരംഗം അവതരിപ്പിക്കും.








0 comments