വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാമത്. രാജ്യത്തിന്റെ വ്യവസായചിത്രത്തിൽ ഒരിടത്തും മുമ്പ് കേരളം ഉണ്ടായിരുന്നില്ല. അവിടെനിന്നാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ രാജ്യത്തെ പ്രധാന വ്യവസായ ഭൂമികയായി സംസ്ഥാനത്തെ മാറ്റിയത്.
കേരളം നടപ്പാക്കിയ സംരംഭകവർഷം പദ്ധതിയെ രാജ്യത്തെ ‘ബെസ്‌റ്റ് പ്രാക്ടീസ്’ ആയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. വ്യവസായവുമായി ബന്ധപ്പെട്ട് കേരളം നടപ്പാക്കിയ പദ്ധതിക്ക് ആദ്യമായാണ് ദേശീയ അംഗീകാരം ലഭിക്കുന്നത്.
സംരംഭകവർഷം പദ്ധതിയിലൂടെ മൂന്നര ലക്ഷം സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. 21,859 കോടി രൂപയുടെ നിക്ഷേപവും 7.2 ലക്ഷം തൊഴിലും സൃഷ്ടിക്കപ്പെട്ടു. 1.08 ലക്ഷം വനിതാ സംരംഭകർ കേരളത്തിലുണ്ടായി.
കേന്ദ്രം വിൽപ്പനയ്‌ക്കുവച്ച എച്ച്‌എൻഎൽ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്തു. കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാനായി. വ്യവസായ വകുപ്പിലുള്ള 24 സ്ഥാപനങ്ങൾ പോയവർഷം ലാഭത്തിലായി. മുൻവർഷം 18 ആയിരുന്നു. സ്വകാര്യ വ്യവസായ, കാമ്പസ് വ്യവസായ പാർക്കുകൾക്ക് തുടക്കമിട്ടതും ഈ സർക്കാരാണ്. 31 സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ് അനുമതി നൽകിയത്.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി നേടി. ലക്ഷത്തിലധികം തൊഴിലും 10,000 കോടി രൂപയുടെ നിക്ഷേപവുമാണ് ലക്ഷ്യം. ഈ വർഷമാദ്യം കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ നാനൂറിലധികം കമ്പനികൾ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ സന്നദ്ധത അറിയിച്ചു.
● വ്യവസായ സൗഹൃദ റാങ്കിൽ കേരളം ഒന്നാം റാങ്കിൽ
● സംരംഭക വർഷം പദ്ധതിയിലൂടെ 3.5 ലക്ഷം പുതിയ സംരംഭം; 21,859 കോടി നിക്ഷേപം
● ആഗോള നിക്ഷേപക സംഗമത്തിൽ 1.96 ലക്ഷം കോടിയുടെ നിക്ഷേപ സന്നദ്ധത
● 31 സ്വകാര്യ വ്യവസായ പാർക്കുകൾ
● 94.85 കോടിയുടെ ഗ്രഫീൻ അറോറ പദ്ധതി
● പെട്രോ കെമിക്കൽ പാർക്ക് യാഥാർഥ്യമായി









0 comments