എൽഡിസി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു ; 12,660 പേർക്ക് നിയമന ശുപാർശ

എസ് കിരൺബാബു
Published on Aug 02, 2025, 01:34 AM | 2 min read
തിരുവനന്തപുരം
നിലവിലെ എൽഡി ക്ലർക്ക് തസ്തികയുടെ (207/2019 ) റാങ്ക് പട്ടികയുടെ കാലാവധി വ്യാഴാഴ്ച അർധരാത്രി അവസാനിച്ചപ്പോൾ 12,660 പേർക്ക് നിയമന ശുപാർശ ഉറപ്പാക്കി പിഎസ്‍സി.
ഇതുവരെ 11,606 പേർക്കാണ് നിയമന ശുപാർശ അയച്ചത്. പട്ടികയുടെ കാലാവധി പൂർത്തിയാകും മുമ്പ് റിപ്പോർട്ട് ചെയ്ത 1054 ഒഴിവുകളിൽക്കൂടി വരും ദിവസങ്ങളിൽ നിയമന ശുപാർശ അയക്കുമെന്ന് പിഎസ്‍സി അറിയിച്ചു. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് 12,069 പേർക്കാണ് നിയമന ശുപാർശ അയച്ചത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും സ്പെഷ്യൽ ഡ്രൈവിലൂടെ അഞ്ഞൂറിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കാനായി. റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകളിലേക്കുള്ള എൽഡിസി തസ്തികയുടെ (കാറ്റഗറി നമ്പർ 503/2023 , 504/2023 ) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ റാങ്ക് പട്ടികയിൽ ആകെ 20,589 പേരാണുള്ളത്.
തദ്ദേശഭരണ വകുപ്പിൽ അവസാന മണിക്കൂറിലും ഒഴിവ്
ഒരു മാസം; റിപ്പോർട്ട് ചെയ്തത് 488 ക്ലർക്ക് ഒഴിവുകൾ
അർഹരായ ആർക്കും തൊഴിൽ അവസരം നഷ്‌ടമാകരുതെന്ന സർക്കാർ ദൃഢനിശ്‌ചയത്തിൽ അവസാന നിമിഷവും ഒഴിവുറിപ്പോർട്ടു ചെയ്യുന്നതിൽ കർമനിരതമായി തദ്ദേശഭരണവകുപ്പ്. വ്യാഴം രാത്രി പന്ത്രണ്ടിന് നിലവിലെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, മുഴുവൻ എൽഡിസി ഒഴിവും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാസർകോട് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിൽ ഒരുഒഴിവുകൂടി അധികൃതർ കണ്ടെത്തി റിപ്പോർട്ട് ചെയ്തു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പതിനൊന്നോടെ പിഎസ്‌സിക്ക് ഈ ഒഴിവ് റിപ്പോർട്ട് ചെയ്‌തു. കാരണം ബോധിപ്പിക്കാതെ അവധി തുടരുന്നതിനാൽ അൺ ഓതറൈസ്ഡ് ആബ്സൻസ് ഒഴിവായി കണക്കാക്കി അച്ചടക്കനടപടിയിലേക്ക് കടക്കുകയായിരുന്നു.
ഇതുൾപ്പെടെ തദ്ദേശവകുപ്പിൽ ക്ലർക്ക് റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ജൂലൈ മാസത്തിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത് 488 ഒഴിവുകളാണ് പ്രത്യേക ഡ്രൈവിലൂടെ റിപ്പോർട്ട് ചെയ്തത്. ഈ വർഷം 920 ക്ലാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വ്യാഴാഴ്‌ച അവസാനിച്ച ക്ലാർക്ക് റാങ്ക് പട്ടികകളിൽ നിന്ന് തദ്ദേശ വകുപ്പിൽ നിയമനം ലഭിക്കുന്നവരുടെ എണ്ണം 2496 ആകും.
തേർഡ് ഗ്രഡ് ഓവർസിയർമാരുടെ 261 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെ 1,757 എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്‌ച പിഎസ്‌സി പ്രസിദ്ധീകരിച്ച, തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റിൽനിന്ന് 146 പേർക്ക് ഉടൻ നിയമനം നൽകും.










0 comments