രാത്രി 11.49 ; മിഷൻ സക്‌സസ് , ഒരു ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഉറക്കമിളച്ച് ജീവനക്കാർ

ഒ വി സുരേഷ്
Published on Jul 19, 2025, 03:22 AM | 2 min read
തിരുവനന്തപുരം
കാലാവധിയാകുന്ന റാങ്ക് പട്ടികയിലേക്ക് ഒരു ഒഴിവുകൂടി റിപ്പോർട്ട് ചെയ്യാൻ രണ്ടു വകുപ്പുകളിലെ ജീവനക്കാർ രാത്രി 12 മണിവരെയിരുന്ന് നടത്തിയ ഇടപെടലിന് വിജയപര്യവസാനം.
കാസർകോട് വനിതാ പ്രൊട്ടക്‌ഷൻ ഓഫീസിലെ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരൻ എ ഗിരീഷ്‌കുമാർ ട്രഷറി എൽഡി ക്ലർക്ക് ബൈട്രാൻസ്‌ഫർ പ്രമോഷൻ പട്ടികയിൽ ഇടംപിടിക്കുന്നിടത്താണ് തുടക്കം. വ്യാഴം പകൽ പിഎസ്‌സി സൈറ്റിൽ പട്ടിക വന്നു. 3.15ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാർ എൻജിഒ യൂണിയൻ നേതാക്കളുടെ സഹായം തേടുന്നു. ഗിരീഷ്‌കുമാർ വനിതാശിശു വികസന വകുപ്പിൽനിന്ന് വിടുതൽ നേടി ട്രഷറി വകുപ്പിൽ ജോയിൻ ചെയ്യണം. എല്ലാം രാത്രി 12നു മുമ്പ് നടന്നാൽ റാങ്ക് പട്ടികയിൽനിന്ന് ഒരാൾകൂടി നിയമിക്കപ്പെടും.
വൈകിട്ട് 4: നിയമന ശുപാർശ പിഎസ്‌സി നേരിട്ട് ട്രഷറി ഓഫീസിൽ എത്തിച്ചു. 5.05: എസ്റ്റാബ്ലിഷ്‌മെന്റ് ക്ലർക്കിനെ വിളിച്ചുവരുത്തി നിയമന ഉത്തരവ് തയ്യാറാക്കുന്നു. രാത്രി 7: വീട്ടിലായിരുന്ന ജില്ലാ ട്രഷറി ഓഫീസർ നിയമന ഉത്തരവിൽ ഒപ്പിടുന്നു. രാത്രി 7.30: ഗിരീഷ് നിയമന ഉത്തരവ് കൈപ്പറ്റുന്നു.
രാത്രി 8.20 ജീവനക്കാരൻ വനിതാ പ്രൊട്ടക്‌ഷൻ ഓഫീസർക്ക് വിടുതൽ അപേക്ഷ നൽകുന്നു. അനുമതിക്ക് തിരുവനന്തപുരത്ത് ഡയറക്‌ടറേറ്റിലേക്ക് അയക്കുന്നു. രാത്രി 9: ഡയറക്ടറേറ്റിൽ രാത്രി 8.30വരെ കാത്തുനിന്ന് വീട്ടിലേക്കുപോയ ജീവനക്കാരിയെ വിളിച്ചുവരുത്തി അനുമതി ഉത്തരവ് തയ്യാറാക്കുന്നു.
രാത്രി 10: വനിതാശിശു വികസന ഡയറക്‌ടർ ഹരിത വി കുമാർ കുഞ്ഞുമായി ഓഫീസിൽ എത്തി വിടുതൽ അനുമതിയിൽ ഒപ്പിട്ട് കാസർകോട് വനിതാ പ്രൊട്ടക്‌ഷൻ ഓഫീസർക്ക് അയക്കുന്നു. 11.45: കാസർകോട് തയ്യാറാക്കിയ വിടുതൽ ഉത്തരവ് തിരുവനന്തപുരം ഡയറക്‌ടറേറ്റിൽ എത്തുന്നു.
11.49: വനിതാശിശു വികസന വകുപ്പിനുകീഴിലുള്ള കാസർകോട്ടെ വനിതാ പ്രൊട്ടക്‌ഷൻ ഓഫീസിൽ ഒരു ലാസ്റ്റ് ഗ്രേഡ് ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ടു ചെയ്യുന്നു.
രാത്രി ഒമ്പതരയോടെയാണ് ഇങ്ങനൊരു ഒഴിവുണ്ടാകുന്നതിനെക്കുറിച്ചുള്ള വിവരം കാസർകോട്ടെ ഓഫീസിൽനിന്ന് ലഭിച്ചത്. ഒരാൾക്ക് ജോലി ലഭിക്കുന്ന കാര്യമല്ലേ. എപ്പോഴായാലും അതിന് സന്നദ്ധമാവുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
ഹരിത വി കുമാർ , വനിതാശിശുവികസന വകുപ്പ് ഡയറക്‌ടർ
എനിക്കീ ജോലി കിട്ടുമോ എന്നുറപ്പില്ല. പക്ഷേ, എന്നെപ്പോലെ കഷ്ടപ്പെടുന്ന ഏതെങ്കിലും ജീവനിൽ അത് വെളിച്ചം വീശും. ദൈവം അമ്പലങ്ങളിലെ ബിംബങ്ങളും കോലങ്ങളും മാത്രമല്ല. ചിലപ്പോൾ മനുഷ്യരായും നമുക്ക് മുന്നിൽ അവതരിക്കും.
ശ്രീജ ജി നായർ ( റാങ്ക് ഹോൾഡർ) , കാസർകോട്, ചെറുവത്തൂർ, ഓരി









0 comments