ഒമ്പത്‌ വർഷം: ജയിൽ വകുപ്പിൽ സൃഷ്‌ടിച്ചത്‌ 521 പുതിയ തസ്‌തിക

ss
avatar
റഷീദ്‌ ആനപ്പുറം

Published on Jul 28, 2025, 05:43 PM | 2 min read

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഒമ്പത്‌ വർഷത്തിനിടെ പിണറായി സർക്കാർ സൃഷ്‌ടിച്ചത്‌ 521 പുതിയ തസ്‌തിക. അതുവരെ ഉണ്ടായിരുന്ന ആകെ തസ്‌തികയുടെ മൂന്നിൽ ഒന്നു വരും ഇത്‌. എക്‌സിക്യുട്ടീവ്‌ വിഭാഗത്തിൽ മാത്രമായാണ്‌ ഇത്രയും തസ്‌തിക സൃഷ്‌ടിച്ചത്‌. അതോടെ ജയിൽ ജീവനക്കാരുടെ എണ്ണം 2168 ആയി.


തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഒമ്പത്‌ വർഷത്തിനിടെ പിണറായി സർക്കാർ സൃഷ്‌ടിച്ചത്‌ 521 പുതിയ തസ്‌തിക. അതുവരെ ഉണ്ടായിരുന്ന ആകെ തസ്‌തികയുടെ മൂന്നിൽ ഒന്നു വരും ഇത്‌. എക്‌സിക്യുട്ടീവ്‌ വിഭാഗത്തിൽ മാത്രമായാണ്‌ ഇത്രയും തസ്‌തിക സൃഷ്‌ടിച്ചത്‌. അതോടെ ജയിൽ ജീവനക്കാരുടെ എണ്ണം 2168 ആയി.


2016ൽ എൽഡിഎഫ്‌ സർക്കാർ ചുമതല ഏൽക്കുമ്പോൾ ജയിൽ വകുപ്പിലെ ജീവനക്കാരുടെ തസ്‌തിക 1647 ആയിരുന്നു. അതിന്‌ മുമ്പ്‌ വിഎസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയുമായിരുന്ന 2006–-2011 കാലത്താണ്‌ ഏറ്റവും കൂടുതൽ തസ്‌തിക സൃഷ്‌ടിച്ചത്‌. 557 പുതിയ തസ്‌തികയായിരുന്നു അക്കാലത്ത്‌ സൃഷ്‌ടിച്ചത്‌. കേരളത്തിൽ തവനൂർ ജയിൽ അടക്കം 21 പുതിയ ജയിൽ സ്ഥാപിച്ചതും അക്കാലത്താണ്‌.


ജയിൽ സുരക്ഷക്ക്‌ ഏറ്റവും അത്യാവശ്യം എക്‌സിക്യുട്ടീവ്‌ വിഭാഗം ജീവക്കാരെയാണ്‌. പുതിയ ജയിലുകൾ സ്ഥാപിച്ചതും എല്ലാ ജയിലുകളിലും തടവുകാരുടെ എണ്ണം കൂടിയതും ആണ്‌ ഇതിന്‌ കാരണം. എന്നാൽ 2011–-2016 ലെ യുഡിഎഫ്‌ സർക്കാർ ജയിൽ ഐജി ഉൾപ്പെടെ വിരളിലെണ്ണാവുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തസ്‌തികയാണ്‌ സൃഷ്‌ടിച്ചത്‌. അതിനാൽ അക്കാലത്ത് താഴെ തട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരായ അസി. പ്രിസൺ ഓഫീസർമാര്‍ ഇല്ലാതെ വന്നു. തുടര്‍ന്ന് താൽക്കാലികക്കാരെ വ്യാപകമായി നിയമിച്ചു. ഇതിന്‌ പരിഹാരം കണ്ടത്‌ 2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌.


2016-ലെ ആദ്യ പിണറായി സർക്കാർ എക്സിക്യൂട്ടീവ് വിഭാഗത്തിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ 206 തസ്തിക പുതുതായി സൃഷ്ടിച്ചു. തുടർന്ന് കഴിഞ്ഞ 9 വർഷം കൊണ്ട് 521 പുതിയ തസ്‌തിക സൃഷ്‌ടിക്കുകയായിരുന്നു. തവനൂർ സെൻട്രൽ ജയിലിന്‌ മാത്രമായി 161 പുതിയ തസ്‌തിക സൃഷ്‌ടിച്ചു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തവനൂരിനായി 90 തസ്‌തിക മാത്രമയിരുന്നു സൃഷ്‌ടിച്ചത്‌. ഈ ഉത്തരവ്‌ റദ്ദാക്കിയാണ്‌ 161 പുതിയ തസ്‌തിക തവനൂരിനായി സൃഷ്‌ടിച്ചത്‌.


അസിസ്റ്റന്റ്‌ പ്രിസൺ ഓഫീസർ ഡ്രൈവർ -45 എണ്ണം, ജില്ലാ ജയിൽ കണ്ണൂർ -49, തൊടുപുഴ മുട്ടം ജില്ലാ ജയിൽ -29, പാലക്കാട്‌ ജില്ലാ ജയിൽ 11, കുത്തുപറമ്പ്‌ പുതിയ സ്പെഷ്യൽ സബ് ജയിൽ 12 എന്നീ തസ്തികയും ഈ കാലത്ത്‌ സൃഷ്ടിച്ചവയിൽ പെടും. എട്ട്‌ കൗൺസിലർ തസ്‌തികയും സൃഷ്‌ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home