കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേന; വിരമിക്കുമ്പോൾ അഭിമാനം: ഡിജിപി

 dgp sheikh darvesh
വെബ് ഡെസ്ക്

Published on Jun 30, 2025, 10:14 AM | 2 min read

തിരുവനന്തപുരം: കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേനയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ്. പൊലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പ്രൊഫഷണലിസം, സമർപ്പണ മനോഭാവം, ത്യാ​ഗം എന്നിവയിലൂടെയാണ് രാജ്യത്തെ മികച്ച സേനയാകാൻ കേരള പൊലീസിന് കഴിഞ്ഞതെന്നും ഡിജിപി പറഞ്ഞു.


ക്രമസമാധാനത്തിലും കുറ്റാന്വേഷണത്തിലും കേരള പൊലീസിന് പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലുള്ള കാര്യക്ഷമമായ പ്രവർത്തനത്തിന് കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു. ഇന്ത്യയിലെ തന്നെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിലെ പൊലിസ് സ്റ്റേഷൻ അഞ്ചിൽ താഴെയുള്ള സ്ഥാനം നേടി. എല്ലാവരും പരിശ്രമിച്ചാൽ നമ്മുക്ക് ഒന്നാമതെത്താം. ആഭ്യന്തര മന്ത്രാലയം നൽകിയ പുരസ്കാരത്തിൽ പാസ്പോർട്ട് വിവര സ്ഥിരീകരണത്തിൽ കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്നും ഷെയ്ഖ് ദർവേഷ് സാഹേബ് പറഞ്ഞു.


കേരള പൊലീസിൽ ഒരു പരാതി നൽകിയാൽ മറ്റേത് സംസ്ഥാനത്തിനെയും അപേക്ഷിച്ച് വളരെ കാര്യക്ഷമമായി നടപടി ഉണ്ടാകും എന്നതിൽ സംശയമില്ല. അതിൽ നമ്മുക്ക് അഭിമാനിക്കാം. കേരള പൊലീസിൽ സിപിഒ മുതൽ ഡിജിപി വരെയുള്ള ഓരോ ഉദ്യോ​ഗസ്ഥനും വളരെ സമർപ്പണ മനോഭാവത്തോടെയാണ് ജോലി ചെയ്യുന്നത്. കേരളാ പൊലീസിലേക്ക് എത്തുന്നവർ മികച്ച വിദ്യാഭ്യാസ യോ​ഗ്യതയുള്ള ആളുകളാണ്. അവരുടെ ആ അറിവുകൾ പൊലീസ് ജോലികൾ കാര്യക്ഷമമാക്കുന്നു. പ്രത്യേകിച്ച് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ മികച്ച വിദ്യാഭ്യാസം വളരെ പ്രയോജനകരമായി. നമ്മൾ ആഭ്യന്തരമായി ഒരുപാട് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കുറ്റാന്വേഷണത്തിന് ഉതകുന്ന തരത്തിൽ സോഫ്റ്റുവെയറുകൾ നിർമിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഇവരുടെ അറിവുകൾകൊണ്ടാണ് സാധ്യമാകുന്നത്.


മൃതു ഭാവേ, ദൃഢ കൃത്യേ എന്നതാണ് കേരളാ പൊലീസിന്റെ മോട്ടോ. നമ്മളെല്ലാവരും ഇവിടെ ജോലി ചെയ്യുന്നത് ജനങ്ങളെ സേവിക്കാനാണ്. ജനങ്ങൾ ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയാൽ കഴിയുന്നത്ര വേ​ഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക, പരിഹരിക്കുക, കാലതാമസമില്ലാതെെ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യുക. അതോടൊപ്പം അന്വേഷണത്തിന്റെ പുരോ​ഗതി യഥാ സമയം പരാതിക്കാരനെ അറിയിക്കുക. ഇത്രയും ചെയ്താൽ പൊലീസിന്റെ ജോലി എളുപ്പമാകും. ഈ കഴിഞ്ഞ രണ്ട് വർഷത്തിൽ എല്ലായിടത്തും ഇക്കാര്യം പറഞ്ഞിരുന്നു. അതിന്റെ ഭാ​ഗമായി ഒരു പരാതി, പ്രതികരണ സംവിധാനം തയാറായിട്ടിണ്ട്. നിരന്തരമായ പരിശ്രമത്താൽ കേരള പൊലീസ് മികച്ച നേട്ടം കൈവരിച്ചതായാണ് മനസിലാക്കുന്നത്.


സൈബർ കുറ്റ കൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയാണ് കേരള പൊലീസിന് ബാവിയിൽ നേരിടേണ്ടി വരുന്ന പ്രധാന പരാതികൾ. കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ ഒരുപാട് കേസുകൾ തെളിയിക്കാനായി. ശിക്ഷാ നടപടികളിലൂടെ മാത്രമല്ല കൗൺസിലിങ്ങിലൂടെയും കുറ്റകൃത്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ തുടർന്നാൽ അത് നമ്മുടെ സമൂഹത്തെ നശിപ്പിക്കും. ഇവ തടയാൻ സേന തുർനടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇതിന് ആവശ്യമായ ട്രെയിനിങ്ങും പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നൽകുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. തന്നെ പൊലീസ് മേധവിയുടെ ജോലി വിശ്വസിപ്പിച്ച് ഏൽപ്പിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. വിരമിക്കുമ്പോൾ വളരെ അഭിമാനമുണ്ടെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് പറഞ്ഞു.









deshabhimani section

Related News

View More
0 comments
Sort by

Home