പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നു
മയക്കുമരുന്ന്: ഉന്നത കണ്ണികളെ പിടികൂടും


റഷീദ് ആനപ്പുറം
Published on Jul 20, 2025, 07:28 PM | 4 min read
കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തിന് മാതൃകയാണ് കേരള പൊലീസ്. പ്രമാദമായ കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസിനെ വെല്ലാൻ ആരുമില്ല. സൈബർ കുറ്റത്യങ്ങൾ അന്വേഷിക്കുന്നിതിലും നമ്മുടെ പൊലീസ് ഏറെ മുന്നിലാണ്. സാമൂഹ്യ പ്രതിബദ്ധതയും ഇന്ന് പൊലീസിന്റെ മുഖമുദ്രയാണ്. സോഷ്യൽ പൊലീസിങ് എന്നൊരു വിഭാഗംതന്നെ നമുക്കുണ്ട്. ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഛാശാക്തിയും എൽഡിഎഫിന്റെ നയങ്ങളുമാണ് ഈ മേന്മകൾക്ക് കാരണം. പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ ദേശാഭിമാനി ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇതേ കുറിച്ച് സംസാരിക്കുന്നു.
പതിനാറ് വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റിരിക്കുകയാണ് അങ്ങ്. അതിനിടയിൽ കേരള പൊലീസിൽ വന്ന മാറ്റത്തെ എങ്ങനെ കാണുന്നു?
നമ്മുടെ പൊലീസ് ഏറെ മാറി. പുതിയ പൊലീസ് ഓഫീസർമാർ വളരെ ആക്ടീവാണ്. ജനങ്ങളുമായി മികച്ച നിലയിലാണ് ഇവരുടെ ഇടപെടൽ. കേന്ദ്രത്തിലായിരിക്കുമ്പോഴും കേരളവുമായി എന്നും നല്ല ബന്ധത്തിൽ തന്നെ ആയിരുന്നു. അതിനാൽ ഇവിടത്തെ സേനയിൽ വരുന്ന മാറ്റങ്ങളെ അഭിമാനത്തോടെയാണ് ഞാൻ നോക്കി കണ്ടത്.
പൊലീസും സമൂഹവും രണ്ടല്ല. എല്ലാവരും സമൂഹത്തിന്റെ ഭാഗമാണ്. പൊലീസ് ആകുമ്പോൾ നിയമപരമായി കുറച്ച് കാര്യങ്ങൾ ചെയ്യാൻ അധികാരം ഉണ്ടെന്ന് മാത്രം. ജനങ്ങൾക്ക് വേണ്ടിയാണ് ആ ഉത്തരവാദിത്തം പൊലീസ് നിർവഹിക്കുന്നത്. ജനമൈത്രി പൊലീസ്, സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ്, സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് എന്നിവക്ക് പൊതുസമൂഹവുമായി നല്ല ബന്ധമാണുള്ളത്. അതിനാൽ ഇവയെ കൂടുതൽ ശക്തിപ്പെടുത്തും.
മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. എന്നാൽ പല അന്വേഷണങ്ങളും മയക്കുമരുന്ന് കരിയർമാരിൽമാത്രം എത്തി നിൽക്കുന്നു. ഇതിന്റെ മുഖ്യകണ്ണികൾക്കുള്ള രാജ്യാന്തര ബന്ധമാണ് കാരണം. ഇത്തരം ഉന്നത കണ്ണികളെ പിടികൂടാൻ എന്ത് നടപടിയാണ് എടുക്കുക?
കേരളത്തിൽ മയക്കുമരുന്ന് റാക്കറ്റ് സജീവമാണെന്നത് വസ്‌തുതയാണ്. കഴിഞ്ഞ മൂന്നുമാസത്തെ കണക്ക് പരിശോധിച്ചപ്പോൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 20,000 കേസുകളുണ്ട്. അതിനാൽ ഈ മേഖലയിൽ ശക്തമായ ഇടപെടലാണ് പൊലീസ് നടത്തുന്നത്. എൻഫോഴ്‌സ്മെന്റിനൊപ്പം ഇൻവസ്‌റ്റിഗേഷനും ശക്തിപ്പെടുത്തി ഉന്നതർ അടക്കമുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരിയാണ് ലക്ഷ്യം.
മയക്കുമരുന്ന് വാഹകർ, ഉപയോഗിക്കുന്നവർ എന്നിവരെ നമുക്ക് കണ്ടെത്താനാകുന്നുണ്ട്. എന്നാൽ മയക്കുമരുന്ന് കടത്തുന്ന പ്രധാനികളെ കണ്ടെത്തുന്നതിൽ ഇപ്പോൾ ചില തടസ്സങ്ങളുണ്ട്. അവർ സ്വീകരിക്കുന്ന ടെക്‌നോളജി, കമ്യൂണിക്കേഷൻ ചാനൽ എന്നിവ പലപ്പോഴും ദുരൂഹമാണ്. എൻസിബി, ഡിആർഐ, എക്‌സൈസ്, കസ്‌റ്റംസ് എന്നിവയുമായി സംയോജിച്ചുള്ള നീക്കമാണ് ഇതിന് ആവശ്യം. ഇത് ഇപ്പോൾ നടക്കുന്നുണ്ട്. ഈ സംയോജിത പദ്ധതി കൂടുതൽ ശക്തമായി ഉപയോഗിക്കാനുള്ള ഇടപെടൽ നടത്തും.
നമ്മുടെ ഇന്റലിൻസ് സംവിധാനം ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇന്റലിജൻസ് വിഭാഗവും ലോക്കൽ പൊലീസും സംയുക്തമായാണ് നീങ്ങുന്നത്. ജനമൈത്രി പൊലീസും ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
പുതിയ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണല്ലൊ. ഇത്തരം കേസുകളിൽ കുറ്റവാളികളെ പിടികൂടുന്നതിൽ നമ്മുടെ പൊലീസ് മികവ് പുലർത്തുന്നു. എല്ലാ പൊലീസ് ജില്ലകളിലും സൈബർ സ്‌റ്റേഷനുകൾ ആരംഭിച്ചു. പൊലീസ് സ്‌റ്റേഷനുകളിലും സൈബർ വിഭാഗം തുടങ്ങി. ഈ മേഖലയിൽ ഇനി എന്താണ് സ്വീകരിക്കാൻ പോകുന്നത്?
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് മികച്ച ഇടപെടൽ നടത്തുന്നുണ്ട്. അതിന് കഴിവും പ്രാപ്‌തിയും ഉള്ളവരാണ് നമ്മുടെ പൊലീസുകാർ. എന്നാൽ തട്ടിപ്പിന് ഇരയായിട്ട് കേസ് അന്വേഷിക്കുന്നതിനേക്കാൾ പ്രധാനം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ആവശ്യമായ ഇടപെടലാണ്. ഇതിനുള്ള പുതിയ പദ്ധതി തയ്യാറാക്കി വരികയാണ്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടി കൂടുതൽ കടുപ്പിക്കാൻ കേരള പൊലീസ്. ഇതിനായി നിലവിലെ കേസുകളുടെ സ്വഭാവം പൊലീസ് വിശകലം ചെയ്യും. കുറ്റകൃത്യങ്ങളുടെ പൊതുസ്വാഭാവം പഠിക്കാനാണിത്. ജില്ലകളിൽ നിലവിലെ കേസുകളുടെ പട്ടിക തയ്യാറാക്കിയാകും പഠനം. ആവശ്യമെങ്കിൽ സ്വകാര്യ സൈബർ വിദഗ്‌ധരുടെ സഹായവും തേടും.
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറ്റവാളികൾ, ഇരകൾ, ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ടാകും പഠനം. ‘ദേശാഭിമാനി ഓൺലൈനിന്’ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹൈടെക് കാലത്ത് കുറ്റകൃത്യങ്ങളുടെ സ്വാഭാവം അതിവേഗം മാറുകയാണ്. മിക്ക തട്ടിപ്പ് കേസുകളിലും കുറ്റവാളികൾ പൊലീസിന്റെ പിടിയിലാകുന്നുണ്ട്. എന്നാൽ ചെറിയ സൈബർ തട്ടിപ്പു കേസുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇരകൾ പരാതി നൽകാത്തതാണ് കാരണം. അത്തരം കുറ്റകൃത്യങ്ങളിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന് പൊലീസ് മേധാവി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓരോ ജില്ലയിലെയും തട്ടിപ്പിന്റെ സ്വഭാവം പഠിക്കുന്നത്.
ജനങ്ങളുമായി മികച്ച ബന്ധമാണ് പൊലീസ് സേനക്കുള്ളത്. എന്നാൽ വളരെ കുറച്ച് പൊലീസുകാരുടെ പെരുമാറ്റം സേനക്ക് ആകെ ദുഷപേരുണ്ടാക്കുന്നു. ക്രിമിനൽ പ്രവർത്തനം നടത്തുന്ന പൊലീസുകാരും ഉണ്ട്. അത്തരം പൊലീസുകാർക്കെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്ത്. തെറ്റു ചെയ്യുന്നവരെ സർവീസിൽനിന്ന് പരിച്ചു വിടുന്നുണ്ട്. എന്താണ് ഈ കാര്യത്തിൽ അങ്ങ് സ്വീകരിക്കാൻ പോകുന്നത്?
പൊലീസ് സ്‌റ്റേഷനിൽ വരുന്ന ജനങ്ങളോട് മാന്യമായി ഇടപെടാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാകണം. വരുന്നവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. മൃദു ഭാവേ ദൃഢ കൃത്യേ എന്നതാണ് പൊലീസിന്റെ ആപ്‌ത വാക്യം. അതിനാൽ ജനങ്ങളോട് എല്ലാ ഇടങ്ങളിലും മൃദു ഭാവത്തോടെ ഇടപെടണം. അല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ ജില്ലാ പൊലീസ് മേധാവി മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ളവർക്ക് പരിശീലനം നൽകാനും തയ്യാറാണ്.
സ്‌ത്രീ സുരക്ഷയിൽ കേരളം എന്നും മുമ്പിലാണ്. ഈ രംഗത്ത് കൂടുതൽ ഇടപെടൽ ഉണ്ടാകുമോ?
തീർച്ചയായും. നിലവിലെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും. രണ്ട് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന സ്‌ത്രീകളോട് മാന്യമായി പെരുമാറുക എന്നതാണ് ഒന്ന്. മറ്റൊന്ന് സുരക്ഷ ഫീൽ ചെയ്യുക എന്നതാണ്. അതിന് കൂടുതൽ ഇടങ്ങളിൽ പൊലീസ് സാന്നിധ്യം കൂട്ടും. ഈ കാര്യത്തിൽ ഒരു പരിശോധന നടത്തും. സ്‌ത്രീകൾ നൽകുന്ന പരാതികളിൽ അതിവേഗ അന്വേഷണം നടത്താൻ നിർദേശം നൽകും.
മികച്ച ക്രമസമാധന നിലയാണ് കേരളത്തിലേത്. ഭയം കൂടാതെ കേരളത്തിൽ ഏത് സമയവും നമുക്ക് സഞ്ചരിക്കാം. എന്നാൽ ചിലയിടങ്ങളിലെങ്കും ഗുണ്ടകൾ തല പൊക്കുന്നു എന്ന വാർത്തകൾ വരുന്നു. ബ്ലേഡ് മാഫിയ, മണൽ മാഫിയ തുടങ്ങിയ സമൂഹ വിരുദ്ധരെ അടിച്ചമർത്താൻ എന്ത് നടപടിയാണ് സ്വീകരിക്കുക?
ഈ കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും. കേസുകളിൽ അതിവേഗം കുറ്റപത്രം നൽകി ശിക്ഷ വാങ്ങി കൊടുക്കും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലേയും ഗുണ്ടകളുടെ പുതിയ പട്ടിക തയ്യാറാക്കും.
മികവാർന്ന പ്രവർത്തനങ്ങൾക്കിടയിലും പൊലീസ് സേനയിൽ ആവശ്യത്തിന് ആളില്ല എന്ന പരാതി കുറേയായി ഉണ്ട്. നിരവധി പൊലീസുകാർ അപ്രധാന സ്ഥാനങ്ങളിൽ വർക് അറേഞ്ച്‌മെന്റ്, അദർ ഡ്യൂട്ടി, അറ്റാച്ച്‌ഡ് തുടങ്ങിയ പേരുകളിൽ കഴിയുന്നു. ഇതിൽ എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമോ?
ഈ കാര്യം പഠിച്ച ശേഷം നടപടി സ്വീകരിക്കും. നിലവിൽ ആവശ്യമുള്ള എണ്ണം പൊലീസുകാർ എല്ലായിടങ്ങളിലും ഉണ്ട്. എവിടെയെങ്കിലും കുറവുണ്ടെങ്കിൽ ജില്ലാ പൊലീസ് മേധാവിമാരുമായി ബന്ധപ്പെട്ട് പരിഹരിക്കും. നടപടി സ്വീകരിക്കും. പൊലീസിലെ ഒഴിവ് അതാത് സമയത്ത് റിപ്പോർട്ട് ചെയ്‌ത് നികത്തുന്നുണ്ട്. ഈ കാര്യത്തിൽ സർക്കാരിന്റെ പിന്തുണ നല്ല നിലയിൽ ലഭിക്കുന്നുണ്ട്.









0 comments