പ്ലസ് വൺ പ്രവേശനം: സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു; അടുത്ത വർഷം പുതിയ ബാച്ച് ഇല്ല


ബിജോ ടോമി
Published on Mar 26, 2025, 12:21 PM | 2 min read
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് പുതിയ ബാച്ചുകൾ അനുവദിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായിട്ടുള്ള ജില്ലാതല കമ്മിറ്റികളും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ വർഷം പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും നിലവിലുള്ള പ്ലസ് വൺ സീറ്റുകളും കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലയിലും 2024- 25 വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കിയ ശേഷവും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ബാച്ചുകൾ അനുവദിക്കുന്നതിന് പ്രാദേശികമായി അപേക്ഷകൾ ക്ഷണിക്കേണ്ടെന്നും ഉത്തരവിലുണ്ട്. ഓരോ വർഷവും വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിലെ അഭിരുചി മാറാൻ സാധ്യതയുണ്ട്. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം സീറ്റുകൾ തിട്ടപ്പെടുത്തി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ പുനക്രമീകരിക്കും. അതിനു ശേഷവും സീറ്റുകൾ ആവശ്യമായി വന്നാൽമാത്രം കൂടുതൽ ബാച്ച് വേണമോയെന്ന് പരിശോധിക്കുമെന്ന് ഉത്തരവിലുണ്ട്.
റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ പതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പത്തനംതിട്ടയിൽ 25-ൽ താഴെ വിദ്യാർഥികളുള്ള 10 ബാച്ചുകളും ആലപ്പുഴയിൽ 211 ബാച്ചുകളുമുണ്ട്. കോട്ടയത്ത് 2997 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ഇടുക്കി 1671 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിനു പുറമേ പോളിടെക്നിക്, വിഎച്ച്എസ്ഇ, ഐടിഐ മേഖലകളിലും സീറ്റുകൾ ലഭ്യമാണ്. എറണാകുളത്ത് 25-ൽ താഴെ വിദ്യാർഥികളുള്ള 16 ബാച്ചും തൃശൂരിൽ നാലു ബാച്ചും ഉണ്ട്. കോഴിക്കോട് വിഎച്ച്എസ്ഇയിൽ മാത്രം ഏകദേശം 2610 സീറ്റുകൾ ലഭ്യമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിലവിൽ ഉപരിപഠനം തേടുന്ന കുട്ടികളേക്കാൾ കൂടുതൽ സീറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒഴിഞ്ഞു കിടക്കുന്ന പ്ലസ് വൺ സീറ്റുകൾ
ജില്ല | ആകെ സീറ്റ് | ഒഴിഞ്ഞു കിടക്കുന്നവ |
തിരുവനന്തപുരം | 37,671 | 5,473 |
കൊല്ലം | 31,182 | 5,121 |
പത്തനംതിട്ട | 14,702 | 4,078 |
ആലപ്പുഴ | 24,320 | 3,480 |
കോട്ടയം | 21,989 | 3,076 |
ഇടുക്കി | 11,850 | 1,686 |
എറണാകുളം | 37,900 | 5,776 |
തൃശൂർ | 38,332 | 5,322 |
പാലക്കാട് | 35,720 | 3,191 |
കോഴിക്കോട് | 43,142 | 3,290 |
മലപ്പുറം | 78,331 | 7,922 |
വയനാട് | 11,338 | 846 |
കണ്ണൂർ | 35,755 | 3,058 |









0 comments