ഉയരെ ഉന്നതവിദ്യാഭ്യാസം ; തമിഴ്‌നാട്ടിലും കേരള മോഡല്‍

തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് നൽകുന്ന കേരള മാതൃക പിന്തുടർന്ന് തമിഴ്നാട്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കേരള ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന് (കെഐആർഎഫ്) സമാനമായ റാങ്കിങ് രീതി ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.
രാജ്യത്താദ്യമായി റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. തമിഴ്നാടിന് പുറമെ ഗുജറാത്ത് കേരള മാതൃക പിന്തുടർന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അഖിലേന്ത്യതലത്തിൽ വിലയിരുത്തുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) മാതൃകയിലാണ് കെഐആർഎഫ് ആരംഭിച്ചത്. എൻഐആർഎഫിനെ ആശ്രയിക്കാതെ സ്വന്തംനിലയിൽ റാങ്കിങ് നടപ്പാക്കി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. അധ്യാപനം, പഠനനിലവാരം, അധ്യാപക-–- വിദ്യാർഥി അനുപാതം, തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാകും റാങ്കിങ്. റാങ്കിങ്ങിനായി പ്രത്യേക ഓൺലൈൻ പോർട്ടലും കേരളം സജ്ജീകരിച്ചിരുന്നു. www.kirf.kshec.org എന്ന പോർട്ടലിൽ സംസ്ഥാനധിഷ്ഠിത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഡിസംബറിൽ പ്രഖ്യാപിച്ച ആദ്യ കെഐആർഎഫ് റാങ്കിങ്ങിൽ സർവകലാശാലകളും കോളജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 29 നഴ്‌സിങ് കോളേജുകളെയും റാങ്കിങ്ങിന് പരിഗണിച്ചിരുന്നു.









0 comments