കടൽ ടൂറിസം ; ആഡംബരക്കപ്പൽ നിർമിക്കാൻ മാരിടൈം ബോർഡ്‌

kerala maritime board
avatar
എം അനിൽ

Published on May 03, 2025, 12:00 AM | 1 min read


കൊല്ലം

കടൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഡംബര കപ്പൽ നിർമിച്ച്‌ സ്വന്തമായി സർവീസ്‌ നടത്താൻ സംസ്ഥാന മാരിടൈം ബോർഡ്‌. മൂന്ന്‌ കപ്പലുകൾ നിർമിച്ച്‌ കൊല്ലം, കോഴിക്കോട്‌, അഴീക്കൽ (കണ്ണൂർ) തുറമുഖങ്ങളിൽ നിന്ന്‌ കടൽ സവാരി ആരംഭിക്കാനാണ്‌ ആലോചന. ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആഡംബര കപ്പൽ സർവീസ്‌ നടത്താൻ മാരിടൈം ബോർഡ്‌ നേരത്തെ കപ്പൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്‌ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടുവന്നവരിൽ നിന്ന്‌ മുംബൈ എസ്‌എസ്‌ മറൈൻ കമ്പനിക്ക്‌ സർക്കാർ വ്യവസ്ഥകൾക്ക്‌ വിധേയമായി അംഗീകാരം നൽകി. എന്നാൽ, പങ്കാളികളെ ലഭിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ എസ്‌ എസ്‌ മറൈൻ കപ്പൽ സവാരിക്ക്‌ തുടർനടപടി സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ്‌ കപ്പൽ നിർമിച്ച്‌ വിനോദസഞ്ചാരത്തിന്‌ അവസരം ഒരുക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചതെന്ന്‌ മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള പറഞ്ഞു.


ഒരു ആഡംബര കപ്പൽ നിർമിക്കാൻ 200–-300 കോടി രൂപ ചെലവാകും. സൗകര്യങ്ങൾ കൂടുന്നതനുസരിച്ച്‌ ചെലവേറും. ആറുമതൽ 10 മണിക്കൂർ വരെ കടലിൽ ചെലവഴിക്കാൻ പറ്റത്തക്കവിധമാണ്‌ സവാരി ഒരുക്കുക. ഒരു കപ്പൽ നിർമാണത്തിന്‌ ഒരു വർഷം വേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം ബോർഡ്‌ യോഗം ചേർന്ന്‌ ആലോചിക്കും.


കടൽ ടൂറിസത്തിന്‌ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ ഏറെയാണ്‌. എന്നാൽ, അതിനുള്ള സൗകര്യം തുറമുഖങ്ങളിൽ ഇന്നില്ല. ഇത്‌ മറികടക്കാനാണ്‌ സ്വന്തമായി കപ്പൽ എന്ന ആലോചനയിലേക്ക്‌ ബോർഡ്‌ എത്തിയത്‌. അതിനിടെ ഒരിക്കൽകൂടി കപ്പൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്‌ താൽപ്പര്യപത്രം ക്ഷണിക്കാനും ബോർഡിന്റെ ആലോചനയിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home