യു ഡി എഫ് 12 സീറ്റിൽ
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം; മുപ്പതിൽ 17 സീറ്റിലും വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് 17 സീറ്റിലും യുഡിഎഫ് 12 സീറ്റിലും ഒരു സീറ്റിൽ എസ്‌ഡിപിഐയും വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ 13 ജില്ലകളിലായി രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറവാർഡിൽ എല്‍ഡിഎഫിനും കൊല്ലം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചല്‍ വാർഡിൽ യുഡിഎഫിനുമാണ് ജയം. കൊല്ലം കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കല്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ നോര്‍ത്തിലും എല്‍ഡിഎഫ് ജയിച്ചപ്പോൾ എറണാകുളം മൂവാറ്റുഴ മുനിസിപ്പാലിറ്റി ഈസ്റ്റ് ഹൈസ്കൂള്‍ വാർഡ് നിലനിർത്താൻ മാത്രമാണ് യുഡിഎഫിന് സാധിച്ചത്. പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ നോര്‍ത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
LDF | UDF | OTH | BJP | |
SEATS | 17 | 12 | 1 | 0 |
തെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തിൽ 24 എണ്ണത്തിൽ എല്‍ഡിഎഫ് 13 വാർഡിലും യുഡിഎഫ് 10 വാർഡിലും എസ്‌ഡിപിഐ ഒരുവാർഡിലും വിജയിച്ചു. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡും ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡും എറണാകുളം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡും യുഡിഎഫില്‍നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം
● ശ്രീവരാഹം
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു. ശ്രീവരാഹത്ത് കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വി ഹരികുമാർ(58) സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി), ബി സുരേഷ് കുമാർ(യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ.
● പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ
പാങ്ങോട് പഞ്ചായത്തിലെ കോൺഗ്രസ് വാർഡ് പുലിപ്പാറ എസ്‌ഡിപിഐ പിടിച്ചെടുത്തു. യുഡിഎഫിനെ മൂന്നാമതാക്കി എസ്‌ഡിപിഐ സ്ഥാനാർഥി മുജീബ് പുലിപ്പാറ 674 വോട്ടുകൾ നേടി. യുഡിഎഫ് സിറ്റിങ് വാർഡിൽ സ്ഥാനാർഥി സബീന ഖരിം 148 വോട്ടുകൾ മാത്രമാണ് നേടിയത്. ബിജെപിയുടെ ബി എസ് അജയകുമാറിന് 39 വോട്ടുകളുമാണ് നേടാനായത്. വാർഡിൽ ബിജെപിയ്ക്കും കോൺഗ്രസിനും വൻ വോട്ടുചോർച്ചയാണ് ഉണ്ടായത്. എന്നാൽ എൽഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും വോട്ടുനിലമെച്ചപ്പെടുത്തി. 2020ൽ സിപിഐ എമ്മിലെ എ ആകർഷ് 279 വോട്ടാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി ടി എൻ സീമ 448 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പുലിപ്പാറയിൽ കോൺഗ്രസ് അംഗം അബ്ദുൾ ഖരീം മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
● കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡ്
കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ 546 വോട്ടിന് യുഡിഎഫ് ജയിച്ചു. കോൺഗ്രസിന്റെ സേവ്യർ ജറോണാണ് വിജയിച്ചത്. എൽഡിഫിന്റെ വാർഡായിരുന്നു കൊച്ചുപള്ളി.
● പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്
പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി സെയ്‌ദ് സബർമതിയാണ് വിജയിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് കോൺഗ്രസ് അംഗമായിരുന്ന അജിലേഷിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ എൽഡിഎഫ് -9, കോൺഗ്രസ്–6, ബിജെപി–6, സ്വതന്ത്രൻ–ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കൊല്ലം
● കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കൽ
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കല്ലുവാതുക്കൽ ഡിവിഷനിൽ സിപിഐയിലെ മഞ്ജു സാം വിജയിച്ചു. 193 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ഗ്രേസി സാമുവൽ (സിപിഐ) മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫിലെ ലിസി അലക്‌സ്, ബിജെപിയിലെ ആർ മീനാകുമാരി എന്നിവരായിരുന്നു എതിർസ്ഥാനാർഥികൾ. 29 ഡിവിഷനിൽ എൽഡിഎഫ്– -16, യുഡിഎഫ്–8, ബിജെപി–5 എന്നിങ്ങനെയായിരുന്നു കക്ഷിനില
● കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ
കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസിന് വിജയം. 900 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ പി സി ജയിംസിനെ പരാജയപ്പെടുത്തിയത്. അംഗമായിരുന്ന ജി തോമസ് (സിപിഐ എം) മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കെ രാജൻനായർ ആയിരുന്നു ബിജെപി സ്ഥാനാർഥി. ആകെ 13വാർഡുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് -11, യുഡിഎഫ്- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
● ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര
ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര വാർഡിൽ യുഡിഎഫ് ഷീജ ദിലീപ് ജയിച്ചു. 522 വോട്ടുകൾക്കാണ് ജയം.
ജനപ്രതിനിധിയായിരുന്ന കോൺഗ്രസിലെ തുളസീഭായിയമ്മ മരിച്ചതോടെയാണ് തെരഞ്ഞെടുപ്പ്.
●അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ എ
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചൽ എ ഡിവിഷൻ നിലനിർത്തി യുഡിഎഫ്. യുഡിഎഫിലെ ഷെറിൻ 3256 വോട്ടുകൾ നേടി.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചൽ എ ഡിവിഷൻ പ്രതിനിധിയായിരുന്ന കോൺഗ്രസിലെ എ സക്കീർഹുസൈനും മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
● കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്
കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി സുരജാ ശിശുപാലൻ ജയിച്ചു. 595 വോട്ടിനാണ് ജയം സിപിഐ എം അംഗമായിരുന്ന ബി ശ്യാമള മരിച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ലാലാ രാജൻ (യുഡിഎഫ്), അജിത സുരേഷ് (ബിജെപി) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. 23 വാർഡുള്ള പഞ്ചായത്തിൽ എൽഡിഎഫ്–- 13, യുഡിഎഫ്-7, ബിജെപി-3 എന്നിങ്ങനെയാണ് കക്ഷിനില.
● ക്ലാപ്പന പഞ്ചായത്തിലെ പ്രയാർ തെക്ക് ബി
കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ പ്രയാർ തെക്ക് ബി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാദേവി വിജയിച്ചു. സിപിഐ എം അംഗം എം കെ രാജു മരിച്ചതിനെ തുടർന്നാണ് പ്രയാർ തെക്ക് ബിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുനിത ദിലീപ് (യുഡിഎഫ്), സി വി ശിവകുമാർ (ബിജെപി) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. 277 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം. എൽഡിഎഫ്-11, യുഡിഎഫ്-3, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ക്ലാപ്പനയിൽവിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ജയാദേവി
പത്തനംതിട്ട
ജില്ലയിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് വാർഡ്, പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി വാർഡുകളിലുമാണ് എൽഡിഎഫ് വിജയിച്ചത്. അയിരൂർ പഞ്ചായത്തിലെ തടിയൂർ വാർഡിൽ യുഡിഎഫ് വിജയിച്ചു. മൂന്നും സ്ത്രീ സംവരണ വാർഡുകളായിരുന്നു.
● പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ കുമ്പഴ നോർത്ത്
പത്തനംതിട്ട നഗരസഭ 15–-ാം വാർഡിൽ എൽഡിഎഫിന് ആവേശ ജയം. എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ മാത്യു മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്.
കൗൺസിലറായിരുന്ന ഇന്ദിരാമണിയമ്മ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെഞ്ഞെടുപ്പ് നടക്കുന്നത്. ബിജിമോൾ മാത്യു 285 വോട്ടുകൾ നേടി.
യുഡിഎഫ് സ്ഥാനാർഥി സോബി റെജി 282 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി പ്രിയ സതീഷ് 53 വോട്ടുകളും നേടി.
● പുറമറ്റം ഗ്രമപഞ്ചായത്തിലെ ഗ്യാലക്സി നഗർ
പുറമറ്റം ഒന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ശോഭിക ഗോപി 152 വോട്ടുകൾക്ക് വിജയിച്ചു. ശോഭിക ഗോപി 320 വോട്ടുകൾ നേടി. ഒന്നാം വാർഡിലെ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥി ജോയ്‌സ് മാത്യുവിന് 168 വോട്ടും. എൻഡിഎ സ്ഥാനാർഥി അനുമോൾക്ക് 97 വോട്ടുകളും ലഭിച്ചു. ഇതോടെ പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങൾ ആറായി. യുഡിഎഫിനും ആറ് അംഗങ്ങൾ ഉണ്ട്. ഒരു വാർഡിലെ അംഗത്വം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുകയാണ്.
● അയിരൂർ പഞ്ചായത്തിലെ തടിയൂർ
അയിരൂർ പഞ്ചായത്തിലെ വനിതാ സംവരണ വാർഡായ 16-ാം വാർഡിൽ യുഡിഎഫിലെ പ്രീത ബി നായർ വിജയിച്ചു. 106 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. എൽഡിഎഫ് സ്ഥാനാർഥി ലോണിഷ ഉല്ലാസ് 237 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി എസ് ആശ 97 വോട്ടുകളും നേടി. നിലവിലെ പഞ്ചായത്തംഗം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അയിരൂർ പഞ്ചായത്തിൽ 6 സിപിഐ എം, 5 ബിജെപി, 5 യുഡിഎഫ്, 1 സ്വതന്ത്രൻ എന്നതാണ് നിലിവിലെ കക്ഷിനില
ആലപ്പുഴ
● കാവാലം പഞ്ചായത്തിലെ പാലേടം
ആലപ്പുഴ കാവാലം പഞ്ചായത്ത് പാലോടം വാർഡ് നിലനിർത്തി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി ഡി മംഗളാനന്ദൻ 171 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മംഗളാനന്ദൻ 413 വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥി എ ഡി നടേശൻ 242 വോട്ടും ബിജെപി സ്ഥാനാർഥി എ കെ തങ്കച്ചൻ 22 വോട്ടും നേടി.
വാർഡ് അംഗം പി ജെ ജോഷിയുടെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. നിലവിൽ കാവാലം പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെ 13 അംഗങ്ങളിൽ സിപിഐ എം - അഞ്ച്, സി പി ഐ - ഒന്ന്, ജനാധിപത്യ കേരള കോൺഗ്രസ് - രണ്ട്, കേരള കോൺഗ്രസ് - മൂന്ന്, ബിജെപി- രണ്ട് എന്നിങ്ങനെയാണ് കക്ഷി നില
● മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ്
മുട്ടാർ പഞ്ചായത്ത് മൂന്നാം വാർഡ് മിത്രക്കരി ഈസ്റ്റ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് - ബിൻ സി ഷാബുവാണ് വിജയിച്ചത്. ലിനി ജോളിയെ ഇലക്ഷൻ കമ്മിഷൻ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം
● രാമപുരം പഞ്ചായത്തിലെ ജി വി സ്‌കൂൾ
ഉപതെരത്തെടുപ്പ് നടന്ന രാമപുരം പഞ്ചായത്ത് ജി വി സ്കൂൾ എഴാം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ രജിത ഷിനു (കോൺഗ്രസ്) 235 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെയുള്ള 1840ൽ പോൾ ചെയ്ത 1262 വോട്ടിൽ രജിതയ്ക്ക് 581 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്വതന്ത്ര മോളി ജോഷിയ്ക്ക് 335 ഉം ബിജെപിയുടെ അശ്വതി രാജേഷിന് 346ഉം വോട്ട് വീതം ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച വാർഡിൽ പ്രതിനിധിയിരുന്ന കോൺഗ്രസ് അംഗം ഷൈനി സന്തോഷ് പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിനൊപ്പം ചേർന്നപ്പോൾ, ഇവരെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കി. ഈ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് ഭരിക്കുന്ന രാമപുരം പഞ്ചായത്തിൽ 18 അംഗങ്ങളാണ് ഭരണ സമിതിയിൽ. എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതവും ബിജെപിയ്ക്ക് മൂന്നും അംഗങ്ങളാണുണ്ടായിരുന്നത്. ജി വി വാർഡിൽ വിജയം നിലനിർത്തിയതോടെ യുഡിഎഫിന് അംഗസംഖ്യ എട്ടായി. നിലവിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനുമാണ്.
ഇടുക്കി
●വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്
വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബീന ബിജു( കേരള കോൺഗ്രസ് എം) ഏഴ് വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. 355 വോട്ടുകൾ ബീനയ്ക്ക് ലഭിച്ചു. കേരള കോൺഗ്രസിന്റെ നീതു സണ്ണി 348 വോട്ടും എൻഡിഎ സ്ഥാനാർഥി സിസിലി തോമസ് (ബിജെപി) 29 വോട്ടുമാണ് നേടിയത്. ഇവിടെ പോളിങ് 62.56 ശതമാനമായിരുന്നു. 1170 പേരിൽ 732 പേർ വോട്ട് രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുള്ള പഞ്ചായത്തിൽ എൽഡിഎഫ്–എട്ട്, യുഡിഎഫ്–ഒമ്പത് എന്നിങ്ങനെയാണ് കക്ഷിനില. ഇതോടെ രണ്ടുമുന്നണികളും തുല്യശക്തികളായി.
എറണാകുളം
● മൂവാറ്റുപുഴ നഗരസഭയിലെ ഈസ്റ്റ് ഹൈസ്‌കൂൾ
മൂവാറ്റുപുഴ നഗരസഭയിലെ ഈസ്റ്റ് ഹൈസ്‌കൂൾ വാർഡ് നിലനിർത്തി കോൺഗ്രസിലെ മേരിക്കുട്ടി ചാക്കോ. 421 വോട്ടിനാണ് ജയം.
കോൺഗ്രസിലെ പ്രമീള ഗിരീഷ് കുമാർ കൂറുമാറ്റത്തേ തുടർന്ന് അയോഗ്യയായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് 11 യുഡിഎഫ് 13, ബിജെപി രണ്ട്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. രണ്ട് സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിനായിരുന്നു.
● അശമന്നൂർ പഞ്ചായത്തിലെ മേലേതെക്ക്
പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്ത് 10 -ാം വാർഡിൽ യുഡിഎഫിന് ജയം. സിപിഐ എം സീറ്റായ മേലേതെക്കിൽ കോൺഗ്രസിലെ എൻ എം നൗഷാദ് 465 വോട്ടാണ് നേടിയത്. മേതല തെക്കുംഭാഗം വാർഡിൽ സിപിഐ എമ്മിന്റെ കെ കെ മോഹനന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
● പായിപ്ര പഞ്ചായത്തിലെ നിരപ്പ്
പായിപ്ര പഞ്ചായത്ത് 10 -ാം വാർഡ് നിരപ്പിൽ സുജാത ജോണിന് 629 വോട്ടിന്റെ ജയം. സിപിഐയിലെ ദീപ റോയ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 104 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദീപ റോയ് ജയിച്ചത്.
● പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര
പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡ് പനങ്കരയിൽ തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം. ജാണ് വിജയിച്ചത്. യുഡിഎഫിലെ ബിജി യെ 166 വോട്ടുകൾക്കാണ് തോല്പിച്ചത്. അമൽ രാജ് 483 വോട്ട് നേടിയപ്പോൾ 317 വോട്ടാണ് ബിജിയ്ക്ക് ലഭിച്ചത്. ബിജെപി യിലെ ആര്യ സത്യൻ 45 ഉം എഎപി യുടെ അഡ്വ. മരിയ ജോസ് 16 വോട്ടുകളും നേടി. യുവയുടെ പ്രതീകവും എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയാമാണ് അമൽ രാജ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയിൽ ഓവർസീയർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. പനങ്കര തെക്കേവീട്ടിൽ കുടുംബാംഗമായ അമൽ ചാരിറ്റി പ്രവർത്തനരംഗത്തും സജീവമാണ്. വൈസ് പ്രസിഡൻ്റായിരുന്ന നിസാർ മുഹമ്മദ് അയോഗ്യനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് ഭരിക്കുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ 6 വീതമായിരുന്നു കക്ഷി നില. അമൽ രാജിൻ്റെ വിജയത്തിലൂടെ എൽഡിഎഫ് ഭരണം നിലനിർത്തി.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര
വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി അമൽ രാജ്
തൃശൂർ
● ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്
കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫിന്. എൽഡിഎഫ് സ്ഥാനാർഥി ഷഹർബാൻ 337 വോട്ടുകൾ നേടിയാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി സിജി ഗീവർ 268 വോട്ടും ബിജെപി സ്ഥാനാർത്ഥി വിനിത ഷിബി 289 വോട്ടുമാണ് നേടിയത്. വാർഡ് മെമ്പറായിരുന്ന ബിന്ദു മോൾ ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്
പാലക്കാട്
● മുണ്ടൂർ പഞ്ചായത്തിലെ കീഴ്‌പാടം
മുണ്ടൂർ പഞ്ചായത്തിലെ 12-ാം വാർഡ് കീഴ്പാടത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥി പി ബി പ്രശോഭിന് വിജയം. നിലവിലെ വാർഡംഗമായിരുന്ന പി വി രാമൻകുട്ടി മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 346 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം. കഴിഞ്ഞ തവണ 246 ആയിരുന്നു ഭൂരിപക്ഷം. പ്രശോഭ് 732 വോട്ടും ബിജെപി സ്ഥാനാർഥി പി വി പ്രകാശൻ 386 വോട്ടും നേടി. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി ടി എം ഷംസുദ്ദീന് 125 വോട്ടുകൾ ലഭിച്ചു. 18 വാർഡിൽ എൽഡിഎഫ് 13, ബിജെപി 3, യുഡിഎഫ് 2 എന്നിങ്ങനെയാണ് കക്ഷിനില.
മലപ്പുറം
ജില്ലയിലെ രണ്ട് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. കരുളായി പഞ്ചായത്ത് 12ാം വാർഡ് ചക്കിട്ടാമലയിലും തിരുന്നാവായ പഞ്ചായത്ത് എട്ടാം വാർഡ് എടക്കുളം ഈസ്റ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചക്കിട്ടാമലയിൽ യുഡിഎഫിന്റെ കെ വിപിൻ 701 വോട്ട് നേടി. എൽഡിഎഫിന്റെ കെ മനോജ് കുമാറിന് 304 വോട്ടുണ്ട്. ഭൂരിപക്ഷം –397. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. വാർഡ് അംഗമായിരുന്ന കരുവാടൻ സുന്ദരന്റെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 15 അംഗ പഞ്ചായത്തിൽ യുഡിഎഫ് –എട്ട്, എൽഡിഎഫ് –ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. എടക്കുളം ഈസ്റ്റ് വാർഡിൽ യുഡിഎഫിന്റെ ഉണ്ണിയാലുക്കൽ അബ്ദുൾ ജബ്ബാറിന് 695 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് ഷെരീഫ് 435 വോട്ടുനേടി. ഭൂരിപക്ഷം –260. കഴിഞ്ഞതവണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി രണ്ട് വോട്ടിന് വിജയിച്ച വാർഡാണിത്. വാർഡംഗം ജോലി ലഭിച്ച് വിദേശത്ത് പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് –16, എൽഡിഎഫ് –ഏഴ് എന്നിങ്ങനെയാണ് കക്ഷിനില.
കോഴിക്കോട്
●പുറമേരി ഗ്രാമ പഞ്ചായത്തിലെ കുഞ്ഞല്ലൂർ
പുറമേരി പഞ്ചായത്ത് 14ാം കുഞ്ഞല്ലൂർ വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പുതിയോട്ടിൽ അജയൻ വിജയിച്ചു.
20 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിലെ അഡ്വ വിവേക് കൊടുങ്ങാം പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.
എൽഡിഎഫ് 599, യുഡിഎഫ് 619, ബിജെപി 30 എന്നിങ്ങനെയാണ് വോട്ടു നില.
കണ്ണൂർ
● പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്
പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ശരണ്യ സുരേന്ദ്രന് വിജയം. യുഡിഎഫ് സ്ഥാനാർഥി താഴെചമ്പാട് ശാഖ മുസ്ലിംലീഗ് പ്രസിഡന്റ് എം വി അബ്ദുള്ളയെ 499 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സിപിഐ എം യുപിനഗർ നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ ചമ്പാട് മേഖലാ വൈസ് പ്രസിഡന്റുമാണ് ശരണ്യ. വടക്കെ പന്ന്യന്നൂർ നടുക്കണ്ടി ഭാഗം പാത്തിയിൽ ശ്യാമളയായിരുന്നു ബിജെപി സ്ഥാനാർഥി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിന്റെ സി കെ അശോകന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ പന്ന്യന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡാണ് മൂന്ന്.
കാസർകോട്
കാസർകോട് രണ്ടിടത്ത് എതിരില്ല. ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ എന്നിവിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. കോടോംബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അയറോട്ടിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
● കയ്യൂർ – ചീമേനി
കയ്യൂർ –ചീമേനി ഏഴാം വാർഡ് പള്ളിപ്പാറയിൽ കെ സുകുമാരനാണ് എതിരില്ലാതെ ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി വത്സലൻ അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഐ എം ചീമേനി ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് പള്ളിപ്പാറ ഇടത്തിനാംകുഴി സ്വദേശിയായ സുകുമാരൻ. ചീമേനി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ്.
● മടിക്കൈ
മടിക്കൈ പഞ്ചായത്ത് എട്ടാം വാർഡ് കോളിക്കുന്നിൽ സിപിഐ എം സ്ഥാനാർഥി ഒ ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വാർഡംഗമായിരുന്ന പി പി ലീല സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐ എം കോളിക്കുന്ന് സെക്കന്റ് ബ്രാഞ്ച് അംഗമാണ് ഉഷ. എൻആർഇജി വർക്കേഴ്സ് യൂണിയൻ വാർഡ് സെക്രട്ടറി, വാർഡ് കുടുംബശ്രീ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
● കോടോം ബേളൂർ പഞ്ചായത്തിലെ അയറോട്ട
കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി സൂര്യാഗോപാലൻ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സൂര്യ ഗോപാലന് 512 വോട്ട് ലഭിച്ചു. സുനു രാജേഷായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. പഞ്ചായത്തംഗമായിരുന്ന ബിന്ദു കൃഷ്ണൻ വനിതാ ശിശുക്ഷേമ വകുപ്പിൽ ജോലി ലഭിച്ചതിനാൽ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എംഎസ്‌ഡബ്ല്യു ബിരുദധാരിയായ സൂര്യ, ബാലസംഘത്തിന്റെയും എസ്എഫ്‌ഐയുടെയും ഭാരവാഹിയായിരുന്നു.









0 comments