പ്രഭാഷകരുടെ വേദിയാകാൻ നിയമസഭ പുസ്തകോത്സവം

klibf
വെബ് ഡെസ്ക്

Published on Dec 30, 2024, 07:56 PM | 1 min read

തിരുവനന്തപുരം > കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടുകളോടെ സംവദിക്കാൻ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികരംഗങ്ങളിലെ പ്രതിഭകൾ അണിനിരക്കും. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് എഴുത്തുകാർ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ പ്രമുഖർ പ്രഭാഷകരായെത്തുക.
ആദ്യ ദിനത്തിൽ ദേവദത്ത് പട്നായിക്കും ബൃന്ദാ കാരാട്ടുമാണ് ടോക്ക് സെഷന് തുടക്കമിടുന്നത്. തുടർദിവസങ്ങളിൽ ശശി തരൂർ എം പി, മന്ത്രി പി രാജീവ്, ബോബി ജോസ് കട്ടിക്കാട്, എസ് എം വിജയാനന്ദ്, കൃഷ്ണകുമാർ, ജോസഫ് അന്നംകുട്ടി ജോസ്, എ എം ഷിനാസ് തുടങ്ങിയവർ സംവദിക്കും.

ഒരു ജനാധിപത്യവാദിയുടെ ആകുലതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ത്യയുടെ സാഹിത്യ പൈതൃകത്തെക്കുറിച്ച് ഡോ കെ ശ്രീനിവാസ റാവുവും ആരോഗ്യ മേഖലയിലെ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് ഡോ സതീഷ് ബാലസുബ്രഹ്മണ്യവും സംസാരിക്കും. ഇന്ത്യയിലെ നവീകരിക്കപ്പെടുന്ന ജനാധിപത്യം : പഠിച്ച പാഠങ്ങൾ എന്ന വിഷയത്തിൽ രാധാകുമാറും സിംഗിൾ മദേർസ് ഇൻ ഇതിഹാസാസ് എന്ന വിഷയത്തിൽ പ്രൊഫ. സി മൃണാളിനിയും പ്രഭാഷണം നടത്തും. വായനയേയും മാനസിക ആരോഗ്യത്തേയും മുൻനിർത്തി ഡോ ദിവ്യ എസ് അയ്യരും പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും സംസാരിക്കും.

വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തിൽ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും. പാനൽ ചർച്ചകൾ, ഡയലോഗ്,  മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Home