നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

സാഹിത്യോത്സവത്തിലും കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

cm pinarayi vijayan klibf
വെബ് ഡെസ്ക്

Published on Jan 07, 2025, 01:03 PM | 4 min read

തിരുവനന്തപുരം> പല കാര്യങ്ങളിലും ഇതര നിയമസഭകൾക്കും ഇന്ത്യൻ പാർലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭ, സാഹിത്യോത്സവത്തിന്റെ കാര്യത്തിലും രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ അടയാളപ്പെടുത്തപ്പെടും വിധം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ശ്രദ്ദേയമായി. കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകൾ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പിൽ ഭാസിയും മുതൽ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭർ സഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകൾ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങൾ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോൾ, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്.


സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയർത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതിൽ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ട്. അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രയുടെ പ്രസം​ഗം പൂർണ്ണരൂപത്തിൽ


അത്യധികം സന്തോഷത്തോടെയാണ് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ നിൽക്കുന്നത്. രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ അടയാളപ്പെടുത്തപ്പെടും വിധം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ശ്രദ്ദേയമായി. നമ്മുടെ ഇളംതലമുറയെ അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ വെളിച്ചത്തിലേക്കു വലിയ തോതിൽ ആകർഷിക്കുന്ന വിധത്തിലാണത് നടത്തപ്പെടുന്നത് എന്നതും, പുറത്തുനിന്നു വളരെ പ്രമുഖരായ സാഹിത്യപ്രതിഭകൾ എത്തുന്നുവെന്നതും അവരുമായി ആശയവിനിമയം നടത്താൻ കേരളത്തിലെ വായനാസമൂഹത്തിന് ഇത് അവസരമൊരുക്കുന്നു എന്നതും നമുക്കെല്ലാം സന്തോഷം നൽകുന്ന കാര്യമാണ്.


എഴുത്തുകാർ അംഗീകൃത നിയമനിർമ്മാതാക്കൾ തന്നെയാണ് എന്ന് ഒരു ഇംഗ്ലീഷ് സാഹിത്യകാരൻ പറഞ്ഞിട്ടുണ്ട്. നിയമസഭയിലുള്ളതാകട്ടെ അംഗീകൃത നിയമനിർമ്മാതാക്കളാണ്. രണ്ടാമത്തെ കൂട്ടരും ആദ്യത്തെ കൂട്ടരും സംഗമിക്കുന്ന സംവാദ വേദികൂടിയാണ് ഇവിടെ ഒരുങ്ങുന്നത്. എഴുത്തുകാർ സമൂഹത്തിന്റെ മാനസിക ജീവിതത്തിനുള്ള നിയമങ്ങൾ സർഗ്ഗാത്മകമായി ഒരുക്കുമ്പോൾ എം എൽ എമാർ ജനങ്ങളുടെ ഭൗതിക ജീവിതത്തിനുള്ള നിയമങ്ങൾ ഭരണഘടനാപരമായി ഒരുക്കുന്നു. ഇരു നിയമങ്ങളും ഇവിടെ സംഗമിക്കുന്നു.


കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകൾ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പിൽ ഭാസിയും മുതൽ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭർ നമ്മുടെ സഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകൾ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങൾ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോൾ, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്.


സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയർത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതിൽ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ട്. അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണ്.


യുനെസ്‌കോയ്ക്ക്, ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീക്കാറുണ്ട്. ഡൽഹി ഈ വിധത്തിൽ ഒരിക്കൽ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷൻസിന്റെ പുസ്തക തലസ്ഥാനം 'വേൾഡ് ബുക്ക് ക്യാപിറ്റൽ' എന്ന പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യംതന്നെ പരിഗണനയ്ക്ക് വരേണ്ടത് നമ്മുടെ ഈ കേരളത്തിന്റെ നഗരങ്ങളാണ്.


തലസ്ഥാനത്തിന് പുസ്തകോത്സവങ്ങളുടെ കൂടി തലസ്ഥാനമാവാനുള്ള സർവ യോഗ്യതയുമുണ്ട്. ഇതിനായി യുനെസ്‌കോയ്ക്ക്, ഈ പുസ്തകോത്സവത്തിന്റെ ദൃഷ്ടാന്തം കൂടി മുൻനിർത്തി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർക്ക് കത്തയക്കാവുന്നതാണ്. യുനെസ്‌കോ അത് അംഗീകരിക്കുമെന്നും കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാവുമെന്നും പ്രത്യാശിക്കട്ടെ.


1945 ലാണല്ലോ യു എൻ രൂപീകൃതമായത്. അതേവർഷം തന്നെ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു നമ്മൾ. എം പി പോൾ എസ് പി സി എസ് രജിസ്റ്റർ ചെയ്യുന്നതും അന്നാണ്. നാഷണൽ ബുക് സ്റ്റാൾ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തിൽ തന്നെ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങൾ ആഘോഷപൂർവ്വം സമാരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവട്ടെ, ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. ആ പദവി ലഭിക്കുന്നതിലൂടെ ലോക സാഹിത്യ ഉത്സവ ഭൂപടത്തിൽ അടയാളപ്പെടട്ടെ ഈ തിരുവനന്തപുരം.


ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമർപ്പിക്കുകയാണ്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന്റെ സ്ഥാനം, മലയാളത്തിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരുടെ നിരയിലാണ്. തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, ലളിതാംബിക അന്തർജനം, പൊൻകുന്നം വർക്കി, ചെറുകാട് തുടങ്ങിയ നവോത്ഥാന സാഹിത്യപ്രതിഭകളുടെ തലമുറയ്ക്കുശേഷം മലയാള കഥാ നോവൽ സാഹിത്യ മണ്ഡലങ്ങളിൽ ഏറ്റവുമധികം മുഴങ്ങി നിന്നത് ഒ വി വിജയന്റെയും എം മുകുന്ദന്റെയും ആനന്ദിന്റെയും ശബ്ദങ്ങളാണ്.


തൊട്ടുമുമ്പുള്ള തലമുറയുടെ ചരിത്രത്തെ വ്യാഖ്യാനിച്ചും സമകാലിക ജീവിതത്തെ പ്രതിഫലിപ്പിച്ചും പുതിയ ഒരു സാഹിത്യമുണ്ടാക്കി. മുകുന്ദന്റെ തലമുറയാകട്ടെ, പാശ്ചാത്യ ആധുനികതയുടെ വെളിച്ചത്തിൽ പുതിയ ഒരു ഭാഷയും ആസ്വാദന സംസ്‌കാരവുമുണ്ടാക്കി. വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു തൊട്ടു മുൻ തലമുറയിലെ സാഹിത്യമെങ്കിൽ, മനോഭാവങ്ങളെ അപഗ്രഥിക്കുന്നതായി എം മുകുന്ദന്റെ തലമുറയുടെ സാഹിത്യം. അതിൽ മുകുന്ദനു വെളിച്ചം പകർന്നതാകട്ടെ, ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികതയാണ്. ലോകസാഹിത്യത്തിലെ ചലനങ്ങൾ കേരളത്തിൽ അവതരിപ്പിച്ച മുകുന്ദൻ ഈ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ആദരിക്കപ്പെടുന്നതിൽ ഒരു ഔചിത്യ ഭംഗിയുണ്ട്.


ഓരോ പഞ്ചായത്തിലും എട്ടു ഗ്രന്ഥശാലകൾ വരെയുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. എണ്ണായിരത്തോളം വായനശാലകൾ കേരളത്തിലുണ്ട്. മുപ്പതോളം സാഹിത്യോത്സവങ്ങൾ കേരളത്തിലുണ്ട്. ചിലതു ചെറിയവ, ചിലതു വലിയവ. വയനാട്, പെരുവനം, പയ്യന്നൂർ, കടത്തനാട് എന്നിങ്ങനെ ഓരോ നാടിന്റെയും പേരിൽ വരെ അറിയപ്പെടുന്ന പുസ്തകോത്സവങ്ങൾ ഇന്നുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങൾ നമുക്കുണ്ട്. വർഷംതോറും കോടിക്കണക്കിനു ബാലസാഹിത്യ പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നുമുണ്ട്.


വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയിൽ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോൾ ഒരാൾ വായിച്ചു കൊടുക്കുക. ലോകം - ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കൽപിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തിൽ ഓഡിയോ ബുക്ക് സംവിധാനം ഏർപ്പെടുത്തിയവരുടെ സംസ്ഥാനമാണിത്.


കേരളത്തിൽ ഫിസിക്കൽ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണു കാണുന്നത്. ഇ-റീഡിങ് വന്നപ്പോൾ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയിൽ ആദ്യമായി പേപ്പർ ബാക്ക് ബുക്ക് വിപ്ലവം, അതായത് ഗ്രന്ഥങ്ങൾ ജനസാമാന്യത്തിന് എന്ന തത്വം മുൻനിർത്തിയുള്ള അക്ഷര വിപ്ലവം സാധ്യമാക്കിയ നാടാണിത്.


1956 ലാണെന്നു തോന്നുന്നു, തകഴിയുടെ ചെമ്മീനിന്റെ പതിനായിരം പ്രതികൾ ബുക്കൊന്നിനു കേവലം ഒന്നേകാൽ രൂപാ നിരക്കിൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ജനങ്ങളിലേക്കെത്തിച്ചു. അതാണ് കേരളത്തിലെ പേപ്പർ ബാക്ക് വിപ്ലവം. ബുക്ക് റ്റു മാസസ്സ് വിപ്ലവത്തിന്റെ തുടക്കം. ബുക്ക് റ്റു മാസസ്സിൽ നിന്ന് ഒരുപടി കൂടി കടന്ന് ലിറ്ററേച്ചർ റ്റു മാസസ്സ് എന്ന നിലയിലേക്ക് പുസ്തകങ്ങളെയും സാഹിത്യത്തെയും കുറിച്ചുള്ള കേരളത്തിന്റെ സങ്കൽപം ഇന്ന് വളരുകയാണ്.


അതിന്റെ ദൃഷ്ടാന്തമാണ് അഭൂതപൂർവ്വമായ പൊതുജന പങ്കാളിത്തത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന പുസ്തകോത്സവങ്ങളും ലിറ്ററേച്ചർ ഫെസ്റ്റുകളും. ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ അവയിൽ വളരെ ശ്രദ്ധേയമായ ഒന്നായി മാറാൻ നമ്മുടെ നിയമസഭാ പുസ്തകോത്സവത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്.


കൂടുതൽ ഉയരങ്ങൾ കൈയ്യടക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 3-ാമത് എഡിഷൻ ഉദ്ഘാടനം നിർവ്വഹിച്ചതായും നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമർപ്പിച്ചതായും അറിയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home