ഇ–വാഹന സ്റ്റാർട്ടപ്പിൽ കേരളം കുതിക്കുന്നു

തിരുവനന്തപുരം
വൈദ്യുത വാഹനങ്ങളുടെ സ്റ്റാർട്ടപ്പിൽ കേരളം വൻ കുതിപ്പാണ് നടത്തുന്നതെന്ന് നിതി അയോഗ് ‘ഇലക്‌ട്രിക് മൊബിലിറ്റി സൂചിക–2024’. നൂറിൽ 60 പോയിന്റാണ് കേരളത്തിന്. ഗതാഗത വൈദ്യുതീകരണത്തിൽ 33 ഉം വൈദ്യുത വാഹന ഗവേഷണത്തിൽ 46 ഉം ചാർജിങ് അടിസ്ഥാനസൗകര്യ ലഭ്യതയിൽ 34 ഉം പോയിന്റുനേടി.
വാഹനങ്ങൾ വിറ്റുപോകുന്നതിലും ജനങ്ങൾക്ക് അവബോധം നൽകുന്നതിലും കേരളം ഏറെ മുന്നിലാണ്. ഗതാഗത വൈദ്യുതീകരണത്തിന്റെ പുരോഗതി, ചാർജിങ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയവയിലും മികവ് കാട്ടുന്നു. ഈ മേഖലയിലെ ആകെ പ്രവർത്തനത്തിന് 36 പോയിന്റ് നേടിയ കേരളം ‘ആസ്പിരന്റ്' വിഭാഗത്തിലാണുള്ളത്.
വിക്രം സാരാഭായ് സ്‌പേസ് സെന്ററും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സും വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പ് ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയെക്കുറിച്ചും പ്രത്യേക പരാമർശമുണ്ട്.
എൽടിഒ ബാറ്ററി
ലിഥിയം ടൈറ്റനേറ്റ് (ലിഥിയം-ടൈറ്റാനിയം-ഓക്സൈഡ്, എൽടിഒ) ബാറ്ററി 2023ലാണ് കേരളം തദ്ദേശീയമായി വികസിപ്പിച്ചത്. സംസ്ഥാനത്ത് ഇ–വാഹന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി നോഡൽ ഏജൻസിയായ കെ- ഡിസ്‌ക് മുൻകൈയടുത്ത് രൂപീകരിച്ച ഇ വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ് കൺസോർഷ്യം ആണ് നേതൃത്വം നൽകിയത്. വിഎസ്എസ്‌സി , ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടിടിപിഎൽ), സി- ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.









0 comments