തൊട്ടറിഞ്ഞു കേരളത്തിന്റെ കരുതൽ

പഹൽഗാമിൽ നിന്നും നോർക്കയുടെ സഹായത്തോടെ ഡൽഹി കേരളഹൗസിൽ എത്തിയ മലപ്പുറം സ്വദേശികൾ കുട്ടികളുമായി സന്തോഷം പങ്കിടുന്നു ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി : ‘ജീവൻ മുറുകെ പിടിച്ച് പഹൽഗാമിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഫോണിന്റെ മറുതലയ്‌ക്കൽ ആശ്വാസമായി സംസ്ഥാനത്തിന്റെയാകെ കരുതലുണ്ടായിരുന്നു. നോർക്ക ഓഫീസിൽനിന്ന് നിരന്തരം ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഡൽഹിയിൽ എത്തിയപ്പോൾ കേരളഹൗസിൽ താമസവും ഭക്ഷണവും സജ്ജമാക്കി’ –- ഭീകരാക്രമണത്തിൽനിന്ന് രക്ഷപെട്ടെത്തിയ തിരൂർ അർബൻ സഹകരണ ബാങ്കിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആശ്വാസം.
അഞ്ചുവയസുകാരി ഐറ റഷീദ് ഉൾപ്പെടെ 23പേരാണ് സംഘത്തിലുള്ളത്. മലപ്പുറം സ്വദേശികളുടെ ആറംഗ സംഘവും കേരളഹൗസിൽ സുരക്ഷിതരായെത്തി. ഇരുസംഘങ്ങളും വ്യാഴാഴ്‌ച വൈകിട്ട് നാട്ടിലേക്ക് ട്രെയിൻ കയറി. ‘മുഖ്യമന്ത്രിയുടെ ഫെയ്സ്‌ബുക്ക് പോസ്റ്റിനുതാഴെ കമന്റിട്ടിരുന്നു. ഉടനെ അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് വിളിച്ച് ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കി. നോർക്ക ഉദ്യോഗസ്ഥർ പിന്നീടുള്ള സഹായങ്ങൾചെയ്‌തു.’ തിരൂർ നിന്നുള്ള നിഷാദ് പറഞ്ഞു.
വലിയ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് രക്ഷപെട്ട് എത്തിയവർ പറഞ്ഞു. അക്രമണത്തിന് ശേഷവും ചെക്ക് പോസ്റ്റുകളിൽമാത്രമാണ് സുരക്ഷ ശക്തമായിരു ന്നത്.
കശ്‌മീരികൾ വഴിയരികിൽ വെള്ളവും ഭക്ഷണവും ഉൾപ്പെടെ വിതരണം ചെയ്‌തെന്നും നാട്ടിലേക്ക് മടങ്ങിയ സംഘം പറഞ്ഞു.









0 comments