കീമിൽ സ്റ്റേയില്ല; വിധിയിൽ ഇടപെടില്ലെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ വിധി.
പ്ലസ് ടു പാസായത് ഏത് ബോർഡിന് കീഴിലായാലും പ്രവേശനപരീക്ഷാ മാർക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിലവിലെ രീതി സിബിഎസ്ഇ വിദ്യാർഥികൾക്ക് മേൽക്കൈ ഉണ്ടാക്കുന്നുവെന്ന് വ്യാപക പരാതിയുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭേദഗതി നടപ്പാക്കിയത്. അപ്പീലിൽ തീർപ്പാകും വരെ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കോടതി അംഗീകരിച്ചില്ല.
സിബിഎസ്ഇ സിലബസ് വിദ്യാർഥിയായ കൊച്ചി സ്വദേശി ഹന ഫാത്തിമ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡി കെ സിങാണ് റാങ്ക്പട്ടിക റദ്ദാക്കി ഉത്തരവിട്ടത്.









0 comments