എംഎസ്‍സിയുടെ മറ്റൊരു കപ്പൽ പിടിച്ചുവെക്കണം; വിഴിഞ്ഞം തുറമുഖ അധികൃതരോട് ഹൈക്കോടതി

എംഎസ്‍സി മാനസ എഫ്
കൊച്ചി: കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎസ്‌സി കമ്പനിയുടെ മറ്റൊരു കപ്പൽ പിടിച്ചുവെക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിഴിഞ്ഞം തുറമുഖ അധികൃതർക്ക് ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് നിർദേശം നൽകി. എംഎസ്‍സി മാനസ എഫ് എന്ന കപ്പലാണ് പിടിച്ചുവെക്കേണ്ടത്. ആറ് കോടി രൂപ ഡിമാന്റ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടുനൽകുമെന്നും കോടതി അറിയിച്ചു. കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർദേശം.
തങ്ങൾ ഓർഡർ നൽകിയ കശുവണ്ടി എത്തേണ്ടിയിരുന്ന എംഎസ്‍സിയുടെ കപ്പലാണ് മുങ്ങിയതെന്നും, അതുവഴി അറ് കോടിയോളം രൂപ നഷ്ടമായെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കൊളംബോയിൽനിന്ന് വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന എംഎസ്‍സി മാനസ കപ്പൽ തടഞ്ഞുവെക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മെയ് 24നാണ് എംഎസ്‍സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. അടുത്തദിവസം കപ്പൽ പൂർണമായും മുങ്ങി. മുഴുവൻ ജീവനക്കാരെയും രക്ഷപെടുത്തിയിരുന്നു. സംഭവത്തിൽ കപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്റ്റനുമെതിരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments