കേട്ടുകേൾവിയല്ല, ഇതാ അനുഭവ സാക്ഷ്യങ്ങൾ ; കേരളം പ്രതിരോധിക്കുന്നു

Kerala Health Service
വെബ് ഡെസ്ക്

Published on Jul 03, 2025, 03:02 AM | 2 min read


തിരുവനന്തപുരം

ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സർക്കാർ ആശുപത്രികളെതന്നെ തകർക്കാനുള്ള മാധ്യമ നീക്കത്തിനെതിരെ കേരളം സ്വന്തം അനുഭവങ്ങൾ സാക്ഷിയാക്കി പ്രതിരോധിച്ചു തുടങ്ങി. കഴിഞ്ഞ ഒമ്പതുവർഷംകൊണ്ട്‌ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രമായി മാറിയതിന്റെ നേർസാക്ഷ്യം പറയുന്നവരിൽ അധികവും സാധാരണക്കാർ. മാധ്യമപ്രവർത്തകരും വീട്ടമ്മമാരും അക്കൂട്ടത്തിലുണ്ട്‌.


അറ്റുതൂങ്ങിയ തന്റെ കൈ എട്ടുമണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ അതീവ ശ്രദ്ധയോടെ തുന്നിയെടുത്ത്‌ ജീവിതത്തിലേക്ക്‌ ചേർത്തുപിടിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ മെഡിക്കൽ ടീമിന്റെ കരുതൽ വാർത്താചാനലിൽ പങ്കുവച്ചത്‌ കലഞ്ഞൂർ സ്വദേശിനി എസ്‌ വിദ്യ. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ലഭിച്ച ഹോർമോൺ ചികിത്സയുടെ ഹൃദ്യമായ അനുഭവമാണ്‌ മാധ്യമപ്രവർത്തക രജി ആർ നായർ ഫേസ്‌ബുക്കിൽ കുറിച്ചത്‌. കുറിപ്പ്‌ മന്ത്രി വീണാ ജോർജ് ഔദ്യോഗിക ഫേസ്‌ബുക്ക്‌പേജിൽ പങ്കുവച്ചു. ഭാര്യ ഗർഭിണിയായിരിക്കെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ലഭിച്ച മികച്ച ചികിത്സയെക്കുറിച്ച്‌ മാധ്യമപ്രവർത്തകൻ കെ വി മധുവും സമൂഹമാധ്യമത്തിൽ എഴുതി.


വിദ്യയും രജിയും മധുവും എത്രയോ അനുഭവസ്ഥരിൽ ചിലർമാത്രം. ‘‘എനിക്ക്‌ എന്റെ ജീവനിൽ പേടിയുണ്ട്‌’’–- എന്ന മുൻമന്ത്രി പി ശങ്കരന്റെ വാക്കുകളിൽനിന്ന്‌ ‘‘നിങ്ങളെന്തിനാണ്‌ മെഡിക്കൽ കോളേജുകളെയാകെ ആക്ഷേപിക്കുന്നത്‌’’ എന്ന്‌ മാധ്യമപ്രവർത്തകനോട്‌ ചോദിച്ച വിദ്യയുടെ വാക്കുകളിലേക്ക്‌ കേരളം എത്തിയത്‌ എൽഡിഎഫ്‌ സർക്കാർ നൽകിയ ഒമ്പത്‌ വികസനവർഷങ്ങളുടെ കൈപിടിച്ചാണ്‌.

-അപകടത്തിൽ തുടയെല്ല്‌ പൊട്ടിയപ്പോഴാണ്‌ മന്ത്രി പി ശങ്കരൻ മെഡിക്കൽ കോളേജിലെ ചികിത്സയെ തള്ളിപ്പറഞ്ഞത്‌. ശങ്കരന്റെ വാക്കുകൾ അന്ന്‌ വൻവിവാദത്തിന്‌ തിരികൊളുത്തി.സ്വകാര്യ ആശുപത്രിയിലാണ്‌ അദ്ദേഹം അന്ന്‌ ചികിത്സതേടിയത്‌. ഗവർണർ സിക്കന്തർ ബഖ്‌ത്‌ ശസ്‌ത്രക്രിയയ്‌ക്കിടെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചതും എ കെ ആന്റണിയുടെ ഭരണകാലത്ത്‌. നിലവിൽ ആശുപത്രി ഒപിയിൽ പ്രതിവർഷം എത്തുന്നത്‌ ലക്ഷക്കണക്കിന്‌ രോഗികൾ.


നേട്ടങ്ങൾ സ്വന്തം: 
ഡോ. ബി ഇക്‌ബാൽ

ആരോഗ്യമാനദണ്ഡങ്ങളിൽ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങളാണ്‌ കേരളംകൈവരിച്ചത്‌. ഒപ്പം പ്രതിസന്ധികളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തി ഭാവിയിലേക്കുള്ള പരിഹാരമാർഗത്തിന്‌ കൂട്ടായ ശ്രമമാണ്‌ വേണ്ടത്‌. ശസ്‌ത്രക്രിയ വൈകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നവർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ കേന്ദ്രസ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ സമാനമായ സംഭവം നടന്നത് വിസ്‌മരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home