രാജ്ഭവനിൽനിന്ന് ഉത്തരവ് ഇറക്കി മിനിറ്റുകൾക്കകം ഇരുവരും ചുമതലയേറ്റു
സുപ്രീംകോടതിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ; സിസയ്ക്കും ശിവപ്രസാദിനും വീണ്ടും നിയമനം

തിരുവനന്തപുരം
സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ഗവർണർ, സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരാക്കി. രാജ്ഭവനിൽനിന്ന് ഉത്തരവ് ഇറക്കി മിനിറ്റുകൾക്കകം ഇരുവരും ചുമതല യേറ്റു.
സാങ്കേതിക സർവകലാശാല നിയമം വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ് 10 (11) എന്നിവ പ്രകാരമാണ് നിയമനമെന്ന് രാജ്ഭവന്റെ ഉത്തരവിൽ പറയുന്നു. പ്രസ്തുത ചട്ടപ്രകാരം സർക്കാർ ശുപാർശയിലാണ് ചാൻസലർ വിസിയെ നിയമിക്കേണ്ടത്. എന്നാൽ, സർക്കാർ നൽകിയ മൂന്നംഗ പാനലിൽ ഇവരുടെ പേരുണ്ടായിരുന്നില്ല. വിസി നിയമനത്തിൽ കുട്ടികളുടെ ഭാവിയെ കരുതി ചാൻസലറും സർക്കാരും ചർച്ച നടത്തി ധാരണയുണ്ടാക്കി തുടർനടപടികളിലേക്ക് പോകണമെന്നാണ് കോടതി പറഞ്ഞത്. ഇതും ചാൻസലർ പാലിച്ചില്ല.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. നിയമനത്തിനുമുമ്പ് സർക്കാരിന്റെ അഭിപ്രായം കേൾക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിയമമന്ത്രിയും ചർച്ചയ്ക്കായി ഗവർണറെ കാണുമെന്നും അറിയിച്ചായിരുന്നു കത്ത്. സുപ്രീംകോടതി വിധിയെ മാനിച്ച് സർക്കാർ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുമ്പോഴാണ് ഗവർണറുടെ തന്നിഷ്ട നടപടി.
നിയമനം റദ്ദാക്കണം: മുഖ്യമന്ത്രി
സുപ്രീംകോടതി വിധിയെ മറികടന്നുള്ള താൽക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കത്തുനൽകി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല നിയമപ്രകാരമല്ല നിയമനമെന്നും നിയമന നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കത്തിൽ വ്യക്തമാക്കി.
സർക്കാർ നിയമത്തിന്റെ വഴിതേടണം: എം വി ഗോവിന്ദൻ
സർവകലാശാലകളിലെ താൽകാലിക വിസി നിയമനംപോലും സർക്കാർ നൽകുന്ന പാനലിൽനിന്നാകണമെന്ന സുപ്രീംകോടതി വിധി ഗവർണർ ലംഘിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ടുപോകണം.
സംസ്ഥാന സർക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്. ഇതിനെതിരായ ഗവർണറുടെ ഹർജിയിലാണ് സുംപ്രീംകോടതി വിധിയുണ്ടായത്. ഇത് മറികടന്നാണ് രണ്ടു സർവകലാശാലകളിൽ താൽകാലിക വിസിമാരെ നിയമിച്ചത്.
കോടതിയും ഭരണഘടനയുമൊന്നുംബാധകമല്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. സർവകലാശാലകളെ കാവിവൽകരിക്കുകയെന്നതാണ് സംഘപരിവാർ ലക്ഷ്യം. കോടതിവിധി പോലും അംഗീകരിക്കാത്തതിനെതിരെ അക്കാദമിക് സമൂഹം മാത്രമല്ല, നാടാകെ പ്രതിഷേധിക്കണം– അദ്ദേഹം പറഞ്ഞു.









0 comments