സിനിമ ധനസഹായ പദ്ധതി ; നിർമിക്കപ്പെട്ട 
പത്തും പത്തരമാറ്റ്‌

Kerala government project for SC/ST filmmakers
avatar
സുനീഷ്‌ ജോ

Published on Aug 06, 2025, 01:07 AM | 2 min read


തിരുവനന്തപുരം

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സർക്കാർ നിർമിച്ചത്‌ 10 ചിത്രങ്ങൾ. മൂന്ന്‌ ചിത്രങ്ങൾ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അവാർഡുകളും വാരിക്കൂട്ടി. വനിതാവിഭാഗത്തിൽ ആറും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നാല്‌ ചിത്രങ്ങളുമാണ്‌ സർക്കാർ ധനസഹായത്തോടെ നിർമിച്ചത്‌.


വനിതാ വിഭാഗത്തിൽ താരാ രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ മൂന്ന്‌ പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം, ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായികയ്‌ക്കുളള എഫ്എഫ്എസ്ഐയുടെ - കെ ആർ മോഹനൻ അവാർഡ് എന്നിവയാണ്‌ നേടിയത്‌. 2022ലാണ്‌ ചിത്രം പുറത്തിറങ്ങിയത്‌.

ശ്രുതി ശരണ്യം സംവിധാനം ചെയ്‌ത ‘ബി 32 മുതൽ 44 വരെ’ 2023ൽ വനിത വിഭാഗത്തിൽ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, തിരക്കഥയ്‌ക്കുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂഡൽഹിയിലെ ഹാബിറ്റാറ്റ്‌ ഫിലിം ഫെസ്‌റ്റിവൽ എന്നിവയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.


2024ലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഫിപ്രെസിയുടെ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ശിവരഞ്‌ജിനി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വിക്‌ടോറിയ. ഷാങ്‌ഹായ്‌ ഫെസ്‌റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ഇതിലെ അഭിനയത്തിന്‌ മീനാക്ഷി ജയന് ലഭിച്ചു. ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിലാണ്‌ ചിത്രം പ്രദർശിപ്പിച്ചത്‌.


മിനി ഐ ജിയുടെ ഡിവോഴ്‌സ്‌, ഇന്ദുലക്ഷ്‌മിയുടെ നിള, പി ഫർസാനയുടെ മുംത എന്നിവയും വനിതാവിഭാഗത്തിൽ നിർമിച്ച ചിത്രങ്ങളാണ്‌. വിക്‌ടോറിയ, മുംത എന്നിവയുടെ റിലീസ്‌ ഉടനുണ്ടാകും.


വി എസ്‌ സനോജിന്റെ ‘അരിക്‌’, അരുൺ ജെ മോഹന്റെ ‘ചുരുൾ’, മനോജ്‌കുമാർ സി എസിന്റെ ‘പ്രളയശേഷം ഒരു ജലകന്യക’ എന്നിവയാണ്‌ പട്ടികജാതി, പട്ടികവർഗവിഭാഗത്തിൽ നിർമിച്ച നാലുചിത്രങ്ങളിൽ പുറത്തിറങ്ങിയവ. ഈ വിഭാഗത്തിൽ സുനീഷ് വടക്കുമ്പാടന്റെ ‘കാട്‌' ഉടൻ പുറത്തിറങ്ങും.


ഓരോ സിനിമയുടെയും നിർമാണത്തിന്‌ ഒന്നരക്കോടി രൂപ വീതമാണ്‌ നൽകിയത്‌. സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസിൽ റിലീസ്‌ ചെയ്‌ത ഏഴുചിത്രവും വിജയമാണെന്ന്‌ ചലച്ചിത്ര വികസന കോർപറേഷൻ അറിയിച്ചു.


ഒരു സിനിമ പറയുന്ന മൂല്യങ്ങളാണ്‌ അതിനെ വേറിട്ടതാക്കുന്നത്. ആ അർത്ഥത്തിൽ സർക്കാർ ധനസഹായത്തിൽ പുറത്തുവന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണ്. ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ടാണ്‌ എന്റെ ആദ്യത്തെ സിനിമയുണ്ടായത്‌. എന്നെപ്പോലൊരാൾക്ക് ഒരു നിർമാതാവിനെ കിട്ടുകയെന്നത് ഒട്ടും എളുപ്പമല്ല. ഞങ്ങൾക്കാർക്കും സിനിമ ചെയ്യാൻ വെറുതേ സർക്കാർ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വർഷം നീണ്ടുനിന്ന, നാല്‌ റൗണ്ട്‌ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകൾ തെരഞ്ഞെടുക്കപ്പെട്ടത്.
ശ്രുതി ശരണ്യം, സംവിധായിക



deshabhimani section

Related News

View More
0 comments
Sort by

Home