ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി; വായിച്ചിരിക്കേണ്ട പാഠഭാഗമെന്ന് മന്ത്രി

social science book
avatar
സ്വന്തം ലേഖകൻ

Published on Sep 24, 2025, 03:23 PM | 1 min read

തിരുവനന്തപുരം: ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി. കേന്ദ്രത്തിലേത്‌ പോലെ സംസ്ഥാനങ്ങളിലും പാർലമെന്ററി വ്യവസ്ഥയാണ്‌ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. അതുകൊണ്ട്‌ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ്‌ ഗവർണർ എന്ന്‌ പുസ്‌തകത്തിൽ വ്യക്‌തമാക്കുന്നു. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം' എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും വ്യക്‌തമാക്കുന്നത്‌. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന, നമ്മൾ ഓരോരുത്തരും വായിക്കേണ്ട പാഠഭാഗം കൂടിയാണിതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.




യാഥാർഥ കാര്യനിർവഹണ അധികാരം നിഷിപ്തമായിരിക്കുന്നത്‌ മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്‌. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത്‌ മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന്‌ പാഠഭാഗത്തിൽ പറയുന്നു. ഗവർണറുടെ നിയമനിർമാണ, കാര്യനിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഗവർണർമാരുടെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള കേന്ദ്രത്തിന്റെ ഇടപെടലായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു.


കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ 1983-ൽ കേന്ദ്രസർക്കാർ നിയമിച്ച സർക്കാരിയ കമീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശിപാർശ ചെയ്തിട്ടുണ്ടെന്ന്‌ പുസ്‌തകത്തിൽ പറയുന്നു. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. മറിച്ച് അതിന്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയുമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള, ഗവർണർമാരുടെ ഇടപെടലുകൾ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ അന്തസ്‌ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന്‌ പറഞ്ഞാണ്‌ ഇ‍ൗ ഭാഗം അവസാനിക്കുന്നത്‌. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ജനാധിപത്യത്തിന്‌ വെല്ലുവിളിയാകുന്നത് എങ്ങനെ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കാനും പഠന പ്രവർത്തനത്തിന്റെ ഭാഗമായി നിർദേശിക്കുന്നുണ്ട്‌. അടിയന്തരാവസ്ഥ, ഇലക്‌ട്രൽബോണ്ട്‌ എന്നിവയും പാഠപുസ്‌തകത്തിൽ ഉൾശപ്പടുത്തിയിട്ടുണ്ട്‌. ഒക്‌ടോബർ മുതലാണ്‌ രണ്ടാംഭാഗം പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home