വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.
കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.
മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.
മാതൃകാ വീടൊരുങ്ങുന്നു
മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.









0 comments