സിനിമാസമരത്തിനില്ലെന്ന്‌ അമ്മ; ആന്റണിക്കെതിരെ ചേംബർ

antony amma
വെബ് ഡെസ്ക്

Published on Feb 25, 2025, 09:36 AM | 1 min read

കൊച്ചി : അഭിനേതാക്കളുടെ പ്രതിഫലം കുറയ്‌ക്കൽ, സിനിമാപണിമുടക്ക്‌ തുടങ്ങിയ വിഷയങ്ങളിൽ കേരള ഫിലിം ചേംബറിനെ തള്ളി താരസംഘടന അമ്മ. മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്ത്‌ ‘അമ്മ’ ആസ്ഥാനത്ത്‌ ചേർന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. അതേസമയം, നിർമാതാവ്‌ ആന്റണി പെരുമ്പാവൂരിനെതിരെ അച്ചടക്കനടപടിയെടുക്കാനും ആരെതിർത്താലും സിനിമാസമരവുമായി മുന്നോട്ടുപോകാനും കൊച്ചിയിൽ ചേർന്ന കേരള ഫിലിം ചേംബർ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. ചേംബർ തീരുമാനങ്ങളെ വിമർശിച്ച്‌ ഫെയ്‌സ്‌ബുക് പോസ്‌റ്റ്‌ ഇട്ടതിന്റെ പേരിലാണ്‌ ആന്റണി പെരുമ്പാവൂരിനെതിരെ നടപടിനീക്കം.


സിനിമാനിർമാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാപണിമുടക്കിന് ഒരുവിധ പിന്തുണയും നൽകേണ്ടതില്ലെന്നാണ്‌ അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനിച്ചത്‌. സിനിമാവ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ചിലരുടെ പിടിവാശിയാണ്‌ അനാവശ്യസമരത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത്‌. നിരവധി തൊഴിലാളികളെ ഉൾപ്പെടെ അത്‌ ബാധിക്കും. പ്രതിഫലം കുറയ്‌ക്കണമെന്ന ആവശ്യം ജനറൽബോഡിയിൽ പരിഗണിക്കേണ്ടിവരും. നിർമാതാക്കൾ നൽകിയ കേസിൽ ജയൻ ചേർത്തലയ്‌ക്ക്‌ നിയമസഹായം നൽകാനും യോഗം തീരുമാനിച്ചു. മമ്മൂട്ടി ഓൺലൈനായാണ്‌ യോഗത്തിൽ പങ്കെടുത്തത്‌.


ചേംബർ യോഗത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്നാണ്‌ അച്ചടക്കനടപടി നീക്കമെന്ന്‌ ചേംബർ പ്രസിഡന്റ്‌ ബി ആർ ജേക്കബ്‌ പറഞ്ഞു. ആന്റണിയുടെ വിമർശം മോശമായിപ്പോയി. ഏഴുദിവസത്തിനകം ഫെയ്‌സ്‌ബുക് പോസ്റ്റ് പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകും. മറുപടി പരിശോധിച്ചാകും തുടർനടപടി. ചേംബർ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്‌ ജി സുരേഷ്‌കുമാർ പറഞ്ഞത്‌. അതിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നത്‌ ശരിയല്ല. ഒരു താരവും സിനിമാവ്യവസായത്തിൽ അവിഭാജ്യഘടകമല്ല. ആറുമാസം കാണാതിരുന്നാൽ ജനം അവരെ മറക്കും. കലക്‌ഷൻ റിപ്പോർട്ട്‌ എല്ലാ മാസവും പുറത്തുവിടുമെന്നും ചേംബർ ഭാരവാഹികൾ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home