സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതിവിഹിതം 3.8 ശതമാനമായിരുന്നത് ഇപ്പോൾ 1.92 ശതമാനമാക്കി കുറച്ചു
കുതിക്കും കേരളം ; നികുതി-നികുതിയേതര വരുമാനം ലക്ഷം കോടിയാകും

തിരുവനന്തപുരം
നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി–നികുതിയേതര വരുമാനം ലക്ഷം കോടി രൂപയായി വർധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2024–-2025ൽ 97,000 കോടി രൂപയായിരുന്നു വരുമാനം. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്ന ഒമ്പത് വർഷമാണിതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടായതാണ് വികസനത്തിന് കാരണം. അത് കേരളത്തിന്റെ ഭാവിക്ക് ഗുണകരമായി.
കേന്ദ്ര ഇടപെടലിനെ തുടർന്ന് സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ട, കേന്ദ്രവിഹിതത്തിന്റെ വെട്ടിക്കുറയ്‌ക്കൽ നേരിട്ട സർക്കാരാണിത്. സംസ്ഥാനത്തിനുള്ള കേന്ദ്രനികുതിവിഹിതം 3.8 ശതമാനമായിരുന്നത് ഇപ്പോൾ 1.92 ശതമാനമായി കുറച്ചു. മറ്റു ഗ്രാന്റുകളും കുറഞ്ഞു. ഈ സ്ഥിതിയിൽ തനതുവരുമാനം വർധിപ്പിക്കുന്നതിന് ശ്രമിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1,15,000 കോടിയോളം രൂപയാണ് ഓരോ സാമ്പത്തികവർഷവും വിവിധ പ്രവർത്തനങ്ങൾക്ക് ചെലവാക്കിയത്. സാമ്പത്തിക ഞെരുക്കത്തിലും അത് ഈ സർക്കാരിന് 1,65,000 കോടിയിലെത്തിക്കാനായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 80,000 കോടിയോളമായിരുന്നു.
ദേശീയപാതയ്‌ക്ക് 6,000 കോടി കൊടുത്തത് കേരളമാണ്. വിഴിഞ്ഞം തുറമുഖത്തിന് ഒരു രൂപപോലും കേന്ദ്രം തന്നില്ല. അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചു. ഭരണത്തുടർച്ച ഇനിയുമുണ്ടാകും. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാർക്ക് നൽകേണ്ടത് ജനങ്ങളാണ്. അവർ ന്യായമായ മാർക്ക് നൽകുന്നുണ്ട്. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച സർക്കാരാണിത്– മന്ത്രി പറഞ്ഞു.
2 ഗഡു ക്ഷേമ പെൻഷൻ 24 മുതൽ
രണ്ടു ഗഡു ക്ഷേമ പെൻഷൻ ശനിയാഴ്‌ച മുതൽ വിതരണം ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 1650 കോടി രൂപ ഇതിനായി അനുവദിച്ചു. മെയ് മാസത്തിലെ പെൻഷനൊപ്പം ഒരു ഗഡു കുടിശ്ശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഓരോരുത്തർക്കും 3,200 രൂപ വീതം ലഭിക്കും. അഞ്ചു ഗഡുവാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ഇനി അവശേഷിക്കുന്നത് രണ്ടു ഗഡു മാത്രമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.
ഐജിഎസ്‌ടിയിൽ 956.16 കോടി വെട്ടിക്കുറച്ചു
സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്‌ടി)യിൽ ഈ വർഷം സംസ്ഥാനവിഹിതത്തിൽ നിന്ന് 956.16 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നൽകിയ ഐജിഎസ്‌ടി തുക കൂടിപ്പോയി എന്ന പേരിലാണ് തുക വെട്ടിക്കുറച്ചതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.









0 comments