പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ: ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പേവിഷ ബാധയ്ക്ക് എതിരായ വാക്സിനേഷന്റെ പ്രതിരോധശേഷി പരിശോധിക്കാന്‍ സംവിധാനം വികസിപ്പിച്ച് കേരളം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിന്റെ മറ്റൊരു ചരിത്രനേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
വാക്സിൻ സ്വീകരിച്ച മനുഷ്യരിലും വളർത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധശേഷി എത്രത്തോളമുണ്ടെന്ന് ഈ നൂതന സാങ്കേതികവിദ്യ വഴി കണ്ടെത്താൻ സാധിക്കും.
നിലവിൽ പ്രതിരോധശേഷി പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റിന് (ആർഎഫ്എഫ്ഐറ്റി) 3000 രൂപയിൽ കൂടുതലാണ് ചെലവ് വരുന്നത്. എന്നാൽ ഐഎവി വികസിപ്പിച്ച 'ഐഎവി മോളിക്യുലർ ബയോഅസെ' (IAV Molecular Bioassay) ലബോറട്ടറി പരിശോധനയ്ക്ക് 500 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ പുതിയ സേവനം പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ ആരോഗ്യമേഖലയിൽ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെയും ഗവേഷണങ്ങൾക്കുള്ള പിന്തുണയുടെയും ഫലമാണ് ഇത്തരമൊരു ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പേ വിഷബാധ നിയന്ത്രണ വിധേയമാക്കുന്നതിൽ പുതിയ സാങ്കേതികവിദ്യ നിർണ്ണായകമാകും.
റാബിസ് വാക്സിനേഷൻ സംബന്ധിച്ച് കൃത്യമായ അവബോധത്തോടെ കൂട്ടായി മുന്നോട്ട് നീങ്ങി പേ വിഷബാധയെന്ന വിപത്തിനെ പൂർണ്ണമായും പ്രതിരോധിക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.








0 comments