ഉരുൾപൊട്ടൽ ദുരന്തം: കാണാതായ 32 പേരുടെ പട്ടിക അംഗീകരിച്ചു

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത മൂന്ന് മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻകഴിഞ്ഞിരുന്നു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്.
ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരി മല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റെവന്യൂ ആൻഡ് ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് നൽകും. ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്തു മരണസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.









0 comments