കേരള ചിക്കൻ "നൂറുകോടി" ക്ലബ്ബിൽ

തിരുവനന്തപുരം : 105.63 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവുമായി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി. 2024- 25 സാമ്പത്തിക വർഷത്തിലെ വിറ്റുവരവിലാണ് ഈ നേട്ടം. പദ്ധതി ആരംഭിച്ച 2019ന് ശേഷം ഇതുവരെ 357 കോടി രൂപയുടെ വിറ്റുവരവാണ് സ്വന്തമാക്കിയത്.
നിലവിൽ പതിനൊന്ന് ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 450 ബ്രോയ്‌ലർ ഫാമും 139 ഔട്ട്‌ലെറ്റും സംസ്ഥാനത്തുണ്ട്. ഇതിൽ അംഗങ്ങളായ എഴുനൂറോളം ഗുണഭോക്താക്കൾക്കാണ് വിറ്റുവരവിന്റെ വരുമാനമത്രയും ലഭിക്കുക. ഔട്ട്‌ലെറ്റ് നടത്തുന്ന ഒരു ഗുണഭോക്താവിന് ശരാശരി 8,90,000 രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. നാളിതുവരെ 45.40 കോടി രൂപ ഗുണഭോക്താക്കൾക്ക് വരുമാനയിനത്തിൽ ലഭിച്ചു.
കോഴിവളർത്തൽ കർഷകർക്കും മികച്ച നേട്ടമാണ് കൈവരിക്കാനായത്.
ഫാം ഇന്റഗ്രേഷൻ വഴി കർഷകർക്ക് രണ്ടുമാസത്തിലൊരിക്കൽ 50,000 രൂപയും വരുമാനമായി ലഭിക്കും. ഇതുവരെ ഇന്റഗ്രേഷൻ വഴിമാത്രം കർഷകർക്ക് 33.19 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ഫ്രോസൻ ചിക്കൻ കറി കട്ട് വിപണിയിലെത്തിച്ചിരുന്നു. തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉൽപ്പന്നം ലഭ്യമാണ്. ഈ വർഷം ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽക്കൂടി വ്യാപിപ്പിക്കും.









0 comments