കന്യാസ്‌ത്രീകളുടെ മോചനം ; കേരള ബിജെപിയുടെ ഇരട്ടത്താപ്പ്‌ വെളിച്ചത്ത്‌

kerala bjp
വെബ് ഡെസ്ക്

Published on Jul 30, 2025, 12:48 AM | 1 min read


ന്യൂഡൽഹി

ഛത്തീസ്‌ഗഡിൽ ‘നിർബന്ധിത മതപരിവർത്തന’ കുറ്റം ചുമത്തി അറസ്റ്റ്‌ചെയ്‌ത കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതോടെ കേരളത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പും പുറത്ത്‌. കന്യാസ്‌ത്രീകളുടെ മോചനത്തിന്‌ ശക്തമായി ഇടപെടുന്നുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ്‌ വെളിച്ചത്തായത്‌.


കന്യാസ്‌ത്രീകളെ ജയിലിലടച്ചതോടെ, ഉത്തരേന്ത്യയിൽ ക്രൈസ്‌തവരെ കടന്നാക്രമിക്കുകയും കേരളത്തിൽ വോട്ടിനായി അവരെ ആശ്ലേഷിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ്‌ വീണ്ടും സജീവ ചർച്ചയായി. കന്യാസ്‌ത്രീകളുടെ മോചനത്തിനായി ഇടപെടുന്നെന്ന്‌ വരുത്താൻ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്‌ ആന്റണിയെ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിലേക്ക്‌ അയച്ചു. അനൂപാകട്ടെ, അവിടുത്തെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട ഫോട്ടോകൾ പ്രചരിപ്പിച്ചു.


അതേസമയം, കോടതിയിൽ ഛത്തീസ്‌ഗഡ്‌ സർക്കാർ കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. കന്യാസ്‌ത്രീകൾ മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന്‌ രാജീവ്‌ ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്നാൽ, അവർ ഗുരുതരകുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെന്നായിരുന്നു ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇടപെടാനാകില്ലെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ്‌ കുര്യനാകട്ടെ ചോദ്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറി.




deshabhimani section

Related News

View More
0 comments
Sort by

Home