50,000 കോടിരൂപയുടെ വായ്പാനേട്ടം കേരളത്തിൽ 5 ബാങ്കുകൾക്ക്‌

വായ്പാവിതരണത്തിൽ കേരള ബാങ്ക്‌ ഒന്നാമത്‌

kerala bank
വെബ് ഡെസ്ക്

Published on Jan 16, 2025, 01:42 AM | 1 min read


തിരുവനന്തപുരം

രാജ്യത്ത്‌ കൂടുതൽ വായ്പ നൽകിയ സംസ്ഥാന സഹകരണ ബാങ്കുകളിൽ കേരള ബാങ്ക്‌ ഒന്നാമത്‌. പ്രമുഖ വാണിജ്യ ബാങ്കുകൾക്കുമാത്രം അവകാശപ്പെടാവുന്ന 50,000 കോടിയുടെ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്രനേട്ടമാണ്‌ കൈവരിച്ചതെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരളത്തിൽ പ്രവർത്തിക്കുന്ന 45 ബാങ്കുകളിൽ അഞ്ചെണ്ണത്തിനാണ്‌ ഈ നേട്ടം. എസ്‌ബിഐ, കനറാ, എച്ച്‌ഡിഎഫ്‌സി, ഫെഡറൽ ബാങ്കുകളാണ്‌ മറ്റുള്ളവ. ഇതര ബാങ്കുകളിൽനിന്ന്‌ വ്യത്യസ്തമായി കേരളത്തിൽനിന്നുള്ള നിക്ഷേപം ഇവിടെത്തന്നെ വിതരണംചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുകയാണ്‌ കേരള ബാങ്ക്‌. 2019 നവംബറിൽ ബാങ്ക് രൂപീകരണ സമയത്ത് വായ്പ 37,766 കോടിയായിരുന്നത്‌ ഇപ്പോൾ 50,200 കോടിയായി. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടിരൂപയുടെ വായ്പാബാക്കിനിൽപ്പ് പിന്നിട്ട ഏകബാങ്കാണിത്‌. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്ര ബാങ്കിന്റെ വായ്പ 33,682 കോടിയാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും ആകെ വായ്പയുടെ 19 ശതമാനവും കേരള ബാങ്കിന്റേതാണ്‌.


ഗ്രാമീണമേഖലയ്‌ക്ക്‌ ഊർജം

ഈ സാമ്പത്തികവർഷം അനുവദിച്ച 16,000 കോടിരൂപ വായ്പയിൽ 3000 കോടിയും പ്രാഥമിക കാർഷിക സംഘങ്ങൾക്കാണ്. ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാർഷിക, ചെറുകിട സംരംഭക മേഖലയുടെയും വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾക്കും വായ്പാവിതരണം വഴിയൊരുക്കി. ആകെ വായ്പയുടെ 12.30 ശതമാനം ചെറുകിട സംരംഭക മേഖലയ്ക്കാണ്‌, 1,45,099 വായ്പകളിലായി 6203 കോടിരൂപ. 6024 കോടിരൂപയാണ് സ്വർണപ്പണയ വായ്പ. നബാർഡിന്റെ ക്ലാസിഫിക്കേഷനിലെ കുറവ് കേരള ബാങ്കിന്‌ പ്രതികൂലമാകുമെന്നായിരുന്നു പ്രചാരണം. ഇത്‌ തെറ്റിച്ചാണ്‌ വായ്പാവിതരണത്തിൽ 1833 കോടിരൂപയുടെ വർധനവുണ്ടായത്‌–- മന്ത്രി പറഞ്ഞു.


ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, ഡയറക്ടർ എസ്‌ ഷാജഹാൻ, ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ചെയർമാൻ വി രവീന്ദ്രൻ, അംഗം ബി പി പിള്ള, സിഇഒ ജോർട്ടി എം ചാക്കോ, ചീഫ്‌ ജനറൽ മാനേജർമാരായ റോയ്‌ എബ്രഹാം, എ ആർ രാജേഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home