കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയിലേക്കും: പർച്ചേസ് ഓർഡർ കൈമാറി

കൊച്ചി : കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി. കെൽട്രോൺ ഉൽപന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിലും ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും ഇത് സംബന്ധിച്ച ചർച്ച നടത്തുകയും പർച്ചേസ് ഓർഡർ കൈമാറുകയും ചെയ്തു.
മന്ത്രിമാരുടെ സാന്നിധ്യത്തിൽ കെൽട്രോൺ അധികൃതരും സിംബാബ്‌വെയിലെ സിൻഡ്യ ( Zindia) കമ്പനി അധികൃതരും തമ്മിലാണ് പർച്ചേസ് ഓർഡർ കൈമാറിയത്. ആദ്യ ഘട്ടത്തിൽ കെൽട്രോണിന്റെ ലാപ് ടോപ്പുകളുടെ (കോക്കോണിക്സ്) വിതരണ- നിർമാണത്തിനായുള്ള പർച്ചേസ് ഓർഡർ ആണ് കൈമാറിയത്. ഭാവിയിൽ കെൽട്രോണിന്റെ മറ്റ് ഉൽപ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും സിംബാബ്‌വെയിൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് ഇരുമന്ത്രിമാരും യോഗത്തിൽ വിശദമായ ആശയവിനിമയം നടത്തി.

കെൽട്രോണും സിംബാബ്‌വെയും തമ്മിൽ സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആദ്യ ധാരണ പ്രകാരം 3,000 ലാപ്ടോപ്പുകൾ ആണ് കെൽട്രോൺ പ്രത്യേകം നിർമിച്ചു നൽകുന്നത്. ഏറെ സ്വാഗതാർഹമായ പ്രൊപ്പോസൽ ആണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. സിംബാബ്‌വെയിൽ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിങ് സെന്റവും അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കാനും കെൽട്രോൺ തയ്യാറാണ്. ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇലക്ട്രോണിക് മേഖലയ്ക്ക് പ്രത്യേക ഊന്നലാണ് സർക്കാർ നൽകുന്നത്. കെൽട്രോണിന്റെ നേതൃത്വത്തിൽ ഈ രംഗത്ത് നിർണായകമായ പ്രവർത്തനമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.
ഇത് പർച്ചേസ് ഓർഡർ കൈമാറൽ മാത്രമല്ല എന്നും പരസ്പര സഹകരണത്തിന്റെയും ഉത്പാദനക്ഷമതയുടെയും നവീകരണത്തിന്റെയും പുതിയപാത തുറക്കൽ കൂടിയാണെന്നും രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പറഞ്ഞു. ഇത്തരമൊരു സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ട്. ഈ ബന്ധം ദൃഢമാക്കുന്നതിലും കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിലും സിംബാബ്‌വെയുടെ പൂർണ പിന്തുണയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
കെൽട്രോണിന്റെ സിംബാബ്‌വെയിലെ ലോഞ്ചിംഗ് ചടങ്ങിന് മന്ത്രി പി രാജീവിനെ അധികൃതർ ക്ഷണിക്കുകയും ചെയ്തു. സിംബാബ്‌വെ ട്രേഡ് കമീഷണർ ബൈജു മോഹൻ കുമാർ, കെൽട്രോൺ എം ഡി ശ്രീകുമാർ നായർ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കാർഷികമേള സന്ദർശിച്ച് മടക്കം
ധാരണാപത്രം ഒപ്പുവക്കലിന് ശേഷം ഇരുമന്ത്രിമാരും കളമശ്ശേരി കാർഷികോത്സവം വേദിയും സന്ദർശിച്ചു. ഓരോ സ്റ്റാളുകളുടെ പ്രത്യേകതയും ഉൽപ്പന്നങ്ങളെ പറ്റിയും മന്ത്രി പി രാജീവ് രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയ്ക്ക് വിശദീകരിച്ചു നൽകുകയും ഓണക്കോടിയും കാർഷിക ഉത്സവമേളയിലെ വിവിധ ഉൽപ്പന്നങ്ങൾ സമ്മാനിക്കുകയും ചെയ്തു.










0 comments