ഓപ്പറേഷൻ സിന്ദൂർ ; തിരിച്ചടിക്ക് കെൽട്രോണിന്റെ കരുത്തും


ഫെബിൻ ജോഷി
Published on May 14, 2025, 02:23 AM | 1 min read
ആലപ്പുഴ
പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ തിരിച്ചടി ഓപ്പറേഷൻ സിന്ദൂറിന്‌കരുത്തേകി കേരളത്തിന്റെ സ്വന്തം കെൽട്രോൺ . രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ അന്തർവാഹിനി വേധ യുദ്ധക്കപ്പൽ ‘ഐഎൻഎസ് അർനാല’യിലൂടെയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനം രാജ്യത്തിന്റെ പ്രതിരോധത്തിന് ശക്തിപകർന്നത്. എട്ടിന് നാവികസേനയ്ക്ക് കൈമാറി. തൊട്ടടുത്ത ദിവസംതന്നെ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി അറബിക്കടലിൽ വിന്യസിച്ചു.
പടക്കപ്പലിന്റെ പ്രധാന ഭാഗങ്ങൾ കെൽട്രോൺ ആണ് നിർമിച്ചത്. ലോഗ് (വേഗം അളക്കുന്ന ഉപകരണം), എക്കോ സൗണ്ടർ (ആഴം അളക്കുന്ന ഉപകരണം), അണ്ടർ വാട്ടർ കമ്യൂണിക്കേഷൻസ് സിസ്റ്റം, പവർ ആംപ്ലിഫയർ, സോണാർ സെൻസർ എന്നിവ കെൽട്രോൺ നിർമിച്ച് സ്ഥാപിച്ചതാണ്. കുറ്റിപ്പുറത്തെ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡാണ് സോണാർ സെൻസർ നിർമിച്ചത്.
ലോഗിന്റെയും എക്കോ സൗണ്ടറിന്റെയും ഓർഡർ നാവികസേന നേരിട്ട് കെൽട്രോണിന് നൽകി. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം, പവർ ആംപ്ലിഫയർ, സോണാർ സെൻസർ എന്നിവയ്ക്കുള്ള ഓർഡർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലൂടെയുമെത്തി.
നാവികസേനയ്ക്കായി കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനിയേഴ്‌സ് (ജിആർഎസ്‌ഇ) ആണ് കപ്പൽ നിർമിച്ചത്. ഇതിന് ശത്രു അന്തർവാഹിനി കണ്ടെത്തി നശിപ്പിക്കാൻ കഴിവുണ്ട്. മൈനുകൾ കണ്ടെത്താനും തകർക്കാനും കഴിയും. പ്രവർത്തനപരിചയവും സാങ്കേതികമികവും വിശ്വാസ്യതയുമാണ് നാവികസേനയുടെ റഡാറിൽ കെൽട്രോൺ പതിയാൻ കാരണം.
നേരത്തേ, കപ്പൽ തകർക്കുന്ന ബോംബ് (ടോർപിഡോ) കണ്ടെത്താനും നിർവീര്യമാക്കാനും ഉപയോഗിക്കുന്ന ‘മാരീച് ടോഡ് അറേ’ അടക്കമുള്ള ഉപകരണങ്ങൾ നാവികസേനയ്‌ക്ക് കെൽട്രോൺ നിർമിച്ചുനൽകിയിരുന്നു.









0 comments