കീം: പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാർഥികൾ യോഗ്യത നേടി.
പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മുൻ നിശ്ചയിച്ച പ്രോസ്‌പെക്ടസ് പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.
മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യപ്രകാരം പിന്തള്ളപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ/ഐസിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷാഫലം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. തുടർന്ന് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
പുനഃക്രമീകരിച്ച പട്ടികയിൽ ആദ്യ നൂറിൽ 79 സിബിഎസ്‌ഇ വിദ്യാർഥികൾ ഇടംപിടിച്ചു. മുമ്പ് 55 പേരായിരുന്നു. ആദ്യ 5000ൽ 2960 സിബിഎസ്‌ഇ, 201 ഐഎസ്‌സിഇ വിദ്യാർഥികളും ഉൾപ്പെടുന്നു. മറ്റ് സിലബസുകൾ പഠിച്ച 43 കുട്ടികളുമുണ്ട്. ആദ്യ 100 റാങ്കുകാരിൽ 77 ആൺകുട്ടികളും 23 പെൺകുട്ടികളുമാണുള്ളത്.
ആദ്യ 1000 പേരിൽ ഏറ്റവുമധികം കുട്ടികൾ എറണാകുളത്താണ് –- 175. തിരുവനന്തപുരം –- 111, കൊല്ലം –- 62, പത്തനംതിട്ട –- 26, ആലപ്പുഴ –- 40, കോട്ടയം –- 73, ഇടുക്കി –- 12, തൃശൂർ –- 114, പാലക്കാട് –-40, മലപ്പുറം –- 90, കോഴിക്കോട് –- 96, വയനാട് 14, കണ്ണൂർ 58, കാസർകോട് –- 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽനിന്നുള്ളവർ. കേരളത്തിന് പുറത്തുനിന്നുള്ള 62 പേരും പട്ടികയിലുണ്ട്.









0 comments