കീം പ്രവേശനപരീക്ഷ കേസ് നടത്തിപ്പ് ; തോന്നുംപടി കൊള്ളപ്പിരിവ് , അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നു

കൊച്ചി
കീം പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് സിബിഎസ്‌ഇ വിദ്യാർഥികൾക്കായുള്ള കേസ് നടത്തിപ്പിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് വിവിധ തരത്തിൽ. ആരെല്ലാം, എവിടെയെല്ലാം പിരിക്കുന്നു, എത്രതുക വരുന്നു എന്നതിനൊന്നും വ്യക്തതയില്ല. വിദ്യാർഥികൾ നൽകിയ കേസിനുവേണ്ടി സിബിഎസ്‌ഇയുടെ ഒരു സംവിധാനവും പണപ്പിരിവ് നടത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴാണ് അനധികൃത പിരിവ് തുടരുന്നത്.
തൃശൂരിൽ ഒരാളുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാൻ ആവശ്യപ്പെടുന്നത്. മലപ്പുറത്തും സമാനമായ നിലയാണ്. തുക വ്യത്യാസമുണ്ടെന്നുമാത്രം. കേസ് സുപ്രീംകോടതിയിൽ നടക്കുകയാണെന്നും അനുകൂലമായി ലഭിച്ചത് ഇടക്കാല ഉത്തരവാണെന്നുമാണ് ഇവരുടെ വാദം. സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന അൺ എയ്‌ഡഡ് പ്രൊട്ടക്‌ഷൻ കൗൺസിലിനെ സഹായിക്കാനാണ് പിരിവെന്നും ഇവർ പറയുന്നു. തൃശൂരിൽ ആയിരത്തിൽത്താഴെ കുട്ടികളുള്ള സ്‌കൂളുകൾ 2000 രൂപയും കൂടുതലുള്ളവ 3000 രൂപയും അയക്കാനാണ് നിർദേശം. മലപ്പുറത്ത് 5000 രൂപവീതമാണ് പിരിവ്.
സഹോദയയുടെ പേരിൽ 25,000 രൂപ മലപ്പുറത്തെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. പക്ഷേ, സഹോദയക്ക് എങ്ങനെ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം അയക്കാൻ കഴിയുമെന്നതിന് ഉത്തരമില്ല. പേര് വയ്‌ക്കാതെയും പണം അക്കൗണ്ടുകളിലേക്ക് വരുന്നുണ്ട്. കേസ് സംസ്ഥാന സർക്കാരിന് അനുകൂലമായാൽ ഭാവിയിൽ 11, 12 ക്ലാസുകളിലെ കുട്ടികൾ കേരള സിലബസിലേക്ക് മാറുമെന്ന് സിബിഎസ്‌ഇ സ്‌കൂളുകാരെ ഭീതിപ്പെടുത്തിയാണ് പിരിവ് നിർബാധം തുടരുന്നത്.









0 comments