കീം പ്രവേശന പരീക്ഷ : കേസ് നടത്തിപ്പിന്റെ പേരിൽ പണപ്പിരിവ്

കെ പ്രഭാത്
Published on Jul 18, 2025, 03:05 AM | 1 min read
കൊച്ചി
കീം പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് ഒരുകൂട്ടം സിബിഎസ്‌ഇ വിദ്യാർഥികൾ നൽകിയ കേസ് നടത്തിപ്പിന്റെ പേരിൽ വൻ പണപ്പിരിവ്. വ്യക്തിയുടെ പേരിലാണ് അനധികൃത പണപ്പിരിവ്. കേസ് നടത്തിപ്പിന് സിബിഎസ്‌ഇയുമായി ബന്ധമുള്ള ഔദ്യോഗികസംഘടനകൾ പണപ്പിരിവ് നടത്തുന്നില്ലെന്നിരിക്കേയാണ് വ്യക്തിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഒഴുകുന്നത്.
ജൂലൈ 16ന് അനുകൂലമായി ലഭിച്ചത് ഇടക്കാല ഉത്തരവാണെന്നും നിലവിൽ കേസ് സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞാണ് പിരിവ്. കേസ് നടത്തിപ്പിന് ഭാരിച്ച ചെലവ് വരുമെന്നും സിബിഎസ്‌ഇ അസോസിയേഷൻ ആക്ടിങ് സെക്രട്ടറിയെന്ന പേരിൽ രക്ഷിതാക്കൾക്കും സ്‌കൂൾ അധികാരികൾക്കും അയച്ച കത്തിൽ പറയുന്നു. അൺ എയ്‌ഡഡ് പ്രൊട്ടക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ കേസ് വാദിക്കുന്നുണ്ടെന്നും, അവരെ സമ്പത്തികമായി സഹായിക്കേണ്ടത് കർത്തവ്യമാണെന്നും കത്തിലുണ്ട്. ആയിരത്തിൽ താഴെ കുട്ടികളുള്ള സ്‌കൂളുകൾ 2000 രൂപയും അതിൽ കൂടുതലുള്ളവ 3000 രൂപയും അയക്കണമെന്നാണ് നിർദേശം. നേരത്തേ, കേസ് നൽകിയ നൂറിലേറെ കുട്ടികളിൽനിന്ന് 50,000 രൂപവീതം പിരിച്ചതായും ചില രക്ഷിതാക്കൾ പറഞ്ഞു. കേസ് സംസ്ഥാനസർക്കാരിന് അനുകൂലമായാൽ ഭാവിയിൽ 11, 12 ക്ലാസുകളിലെ കുട്ടികൾ കേരള സിലബസിലേക്ക് മാറും. മാത്രമല്ല കേരള സിലബസിൽ പ്രവേശനം ലഭിക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ എട്ടാംക്ലാസ് മുതൽ വിദ്യാർഥികൾ കേരള സിലബസിലേക്ക് മാറും. സിബിഎസ്‌ഇ സ്‌കൂളുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ഒരുമുഴം മുൻപെ നീങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പണപ്പിരിവ് തുടരുന്നത്.
അതേസമയം, കേസ് നടത്തിപ്പിന് പണം പരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും സിബിഎസ്‌ഇ മാനേജ്‌മെന്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് പി പി എം ഇബ്രാഹിം ഖാൻ ദേശാഭിമാനിയോട് പറഞ്ഞു.









0 comments