കീം പ്രവേശന പരീക്ഷ ട്രയല്‍ അലോട്ട്മെന്റ് ഒരാഴ്ചക്കകം

തിരുവനന്തപുരം
കീം പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് ഒരാഴ്ചയ്‌ക്കകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ട്രയൽ അലോട്ട്മെന്റിന് തൊട്ടടുത്ത ദിവസംതന്നെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. ആഗസ്ത് 13ന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കും. പ്രവേശന പരീക്ഷയെഴുതിയ 86549 പേരിൽ 67505 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇവരുടെ വിവിധങ്ങളായ വെയിറ്റേജുകൾ പരിഗണിച്ചാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.
ഈ വർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മികച്ച റാങ്ക് നേട്ടം കൈവരിക്കാനായി. അതേസമയം സിബിഎസ്ഇ, ഐസിഎസ്-ഇ സിലബസുകാരും തങ്ങളുടെ റാങ്കുകൾ മുൻവർഷത്തേത് പോലെ നിലനിർത്തി. ആദ്യ 5000 പേരിൽ കേരള സിലബസിൽ പഠിച്ച 2539 പേർ ഉൾപ്പെട്ടു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ച 2220 പേരും പട്ടികയിലുണ്ട്. ആദ്യ പത്ത് റാങ്കുകാരിൽ ആറുപേരും കേരള സിലബസിലെ വിദ്യാർഥികളായിരുന്നു.
2024ൽ ആദ്യ 5000ൽ കേരള സിലബസിലെ വിദ്യാർഥികളായ 2034 പേരായിരുന്നു ഇടംനേടിയത്. 2785 പേർ സിബിഎസ്ഇ വിദ്യാർഥികളുമായിരുന്നു. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു.
ഇതേതുടർന്ന് നിയോഗിച്ച സമിതി പുതിയ ഏകീകരണ ഫോർമുല നിശ്ചയതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ സിലബസിലെയും വിദ്യാർഥികൾക്ക് തുല്യരീതിയിൽ മാർക്ക് വരുമെന്നതാണ് പുതിയ ഫോർമുലയുടെ പ്രത്യേക. തമിഴ്നാട്ടിൽ സമാനരീതിയിലാണ് എൻജിനീയറിങ് പ്രവേശനം.









0 comments