അടുത്ത അധ്യയന വർഷം പുതിയ ഫോർമുല : ആർ ബിന്ദു

കീം ഏകീകരണം ; സർക്കാർ ലക്ഷ്യമിട്ടത്‌ തുല്യ പരിഗണന

keam
വെബ് ഡെസ്ക്

Published on Jul 12, 2025, 02:45 AM | 2 min read


തിരുവനന്തപുരം

കീം ഏകീകരണത്തിനുള്ള പുതിയ ഫോർമുലയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്‌ എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് നിയോ​ഗിച്ച സമിതി പുതിയ ഏകീകരണ ഫോർമുല നിശ്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.


എല്ലാ സിലബസിലെയും വിദ്യാർഥികൾക്ക് തുല്യരീതിയിൽ മാർക്ക് വരുമെന്നതാണ് പുതിയ ഫോർമുലയുടെ പ്രത്യേകത. റദ്ദാക്കിയ പട്ടികയിൽ കേരള സിലബസിൽ പഠിച്ചവർക്ക്‌ മികച്ച റാങ്ക് കൈവരിക്കാനായി. സിബിഎസ്ഇ, ഐസിഎസ്-ഇ സിലബസുകാരും റാങ്കുകൾ മുൻവർഷത്തേതുപോലെ നിലനിർത്തി.

2011ലെ ഉത്തരവ്‌ പ്രകാരമുള്ള സമീകരണ രീതിയിൽ സിബിഎസ്ഇ വിദ്യാർഥികൾക്ക്‌ ലഭിച്ചിരുന്ന മുൻതൂക്കം ലക്ഷ്യമിട്ട്‌ ചിലർ കോടതിയെ സമീപിച്ചു. ഫെബ്രുവരി 19ന്‌ പ്രസിദ്ധീകരിച്ച പ്രോസ്‌പെക്‌ടസിൽ സർക്കാരിന്‌ ഏതു സമയവും മാറ്റം വരുത്താമെന്ന്‌ കൃത്യമായി പറഞ്ഞിരുന്നെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെയാണ്‌ പഴയ ഫോർമുല അനുസരിച്ച്‌ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌.


പഴയ ഫോർമുല

ഹയർസെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ വിഷയങ്ങളിലെ മാർക്ക് കീമിന്റെ സ്കോറും ചേർത്തായിരുന്നു ഏകീകരണം. ഓരോ പരീക്ഷ ബോർഡുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ എന്നിവയിൽ അതത്‌ വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ മാർക്ക്‌ മൊത്തത്തിൽ ശേഖരിക്കും. ഇതിൽ നിന്ന്‌ ആ ബോർഡിലെ വിദ്യാർഥികളുടെ മാർക്കിന്റെ അന്തരം നിർണയിക്കുന്നതിന്‌ സ്റ്റാൻഡേർഡ്‌ ഡീവിയേഷൻ, ഗ്ലോബൽ മീൻ എന്നീ മാനകം കണ്ടെത്തും.


ഇതനുസരിച്ച്‌ പ്രത്യേക സമവാക്യം അടിസ്ഥാനമാക്കി പ്ലസ്‌ ടു മാർക്ക്‌ ഏകീകരിക്കും. മറ്റു ബോർഡുകളെ അപേക്ഷിച്ച്‌ കേരള സിലബസിലുള്ള കുട്ടികളുടെ മാർക്കിന്റെ അന്തരത്തിലെ തോത്‌ ഉയർന്ന നിലയിലായിരിക്കും. അതുകൊണ്ട്‌ തന്നെ കേരള സിലബിസിലുള്ള കുട്ടികൾക്ക്‌ പ്ലസ്‌ ടു മാർക്ക്‌ പരിഗണിക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയും. മൂന്നു വിഷയങ്ങളുടെയും മാർക്ക്‌ തുല്യ അനുപാതത്തിൽ (1:1:1) പരിഗണിച്ചായിരുന്നു ഏകീകരണം.


പുതിയ ഫോർമുല

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ എന്നിവയുടെ മാർക്കാണ്‌ ഏകീകരണത്തിന്‌ പരി​ഗണിക്കുന്നത്. ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്ക് കണ്ടെത്തി ഇത്‌ നൂറിലാക്കും. അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെന്നിരിക്കെ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറായി കൺവേർട്ട് ചെയ്യും. ഇതുവഴി 70 മാർക്ക് 73.68 ആകും. (70÷95)x100=73.68. എൻജിനീയറിങ് റാങ്ക് പട്ടികക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ ഏകീകരിക്കും.


ഏകീകരണത്തിലൂടെ മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങൾക്ക്‌ ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിക്കുന്നത്. ഇതു വഴി മാത്‌സിൽ ഉയർന്ന മാർക്ക്‌ കിട്ടുന്ന കുട്ടിക്ക്‌ മുൻതൂക്കം ലഭിക്കും. എൻജിനീയറിങിൽ മാത്‌സിന്‌ കൂടുതൽ പരിഗണന ആവശ്യമായതിനാലാണിത്‌.


കീം പരീക്ഷയിലും ഇതേ അനുപാതത്തിലാണ്‌ ചോദ്യങ്ങൾ. ആകെ 150 ചോദ്യങ്ങളിൽ 75 ചോദ്യം മാത്‌സും 45 എണ്ണം ഫിസിക്‌സും 30 എണ്ണം കെമിസ്‌ട്രിയും.


അടുത്ത അധ്യയന വർഷം പുതിയ ഫോർമുല : ആർ ബിന്ദു

കീം മാർക്ക്‌ ഏകീകരണത്തിൽ അടുത്ത അധ്യയന വർഷം പുതിയ ഫോർമുല നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. കോടതിയും അപ്രകാരമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാർഥികളുടെ നന്മയെ കരുതിയുള്ള തീരുമാനമാണ് കീം വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ളത്‌. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ വർഷം മുമ്പു തുടർന്നുവന്ന സമീകരണരീതി തന്നെ തുടരേണ്ടതായി വന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


മാർക്ക് ഏകീകരണത്തിലെ മുൻ രീതിയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് വലിയ തോതിൽ മാർക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. ഈ രീതി വലിയ അനീതിയാണെന്നത്‌ കണ്ടാണ്‌ പുതിയ രീതി കൊണ്ടുവന്നത്. ഒരു കുട്ടിക്കും അവസരം നഷ്ടപ്പെടാൻ പാടില്ലെന്ന കാഴ്ചപ്പാടിലാണ് ഇതു ചെയ്തത്. ഇതിനായി പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയമായ രീതി അവലംബിച്ചതെന്നും - മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home