സദാചാരഗുണ്ടാ ആക്രമണം: യുവതിയുടെ ആത്മഹത്യയിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്ത്

കണ്ണൂർ: എസ്‌ഡിപിഐ സദാചാരഗുണ്ടാ ആക്രമണത്തിന് പിന്നാലെ കണ്ണൂർ കായലോട് സ്വദേശിനി റസീന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് മയ്യിൽ സ്വദേശി റഹീസ് ഹാജരായത്. തലശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളുടെ മൊഴി രേഖപ്പെടുത്തി.
റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ യുവാവ് നിഷേധിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. യുവതിയുമായി സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും ഇയാൾ മൊഴിനൽകി. റഹീസ് പണവും സ്വർണവും തട്ടിയെടുത്തെന്ന് റസീനയുടെ കുടുംബം ആരോപിച്ചിരുന്നു. ഇരുപത് പവൻ സ്വർണവും ഒരുലക്ഷം രൂപയും ഇയാൾ റസീനയിൽനിന്നും കൈക്കലാക്കി എന്നാണ് കുടുംബം ആരോപിച്ചത്. യുവതിയുടെ നഗ്നചിത്രങ്ങൾ ഷൂട്ട് ചെയ്ത് റഹീസ് ഭീഷണിപ്പെടുത്തിയെന്നും ഇതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്നുമാണ് കുടുംബം ആരോപിച്ചത്.
ഞായറാഴ്‌ച റസീനയും സുഹൃത്തായ റഹീസും സംസാരിക്കുന്നതിനിടെയാണ് എസ്ഡിപിഐക്കാർ സദാചാര ആക്രമണം നടത്തിയത്. അഞ്ചംഗസംഘം യുവതിയെ അപമാനിക്കുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. സമീപത്തെ ഗ്രൗണ്ടിലെത്തിച്ചും അപമാനിച്ചു. യുവാവിന്റെ മൊബൈൽഫോണും ടാബും കൈക്കലാക്കി. എസ്‌ഡിപിഐയുടെ ഓഫീസിലെത്തിച്ചശേഷം യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ വിട്ടയച്ചത്. ചൊവ്വാഴ്ച റസീന ആത്മഹത്യചെയ്‌തു. ആത്മഹത്യാക്കുറിപ്പിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മോശമായി ചിത്രീകരിച്ചതിന്റെ മാനസിക പ്രയാസത്തിലാണ് താൻ ജീവനൊടുക്കുന്നതെന്ന് റസീന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഡിപിഐക്കാരായ കായലോട് പറമ്പായിയിലെ എം സി മൻസിലിൽ വി സി മുബഷീർ, കണിയാന്റെവളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് എന്നിവരാണ് അറസ്‌റ്റിലായത്. ആത്മഹത്യക്കുറിപ്പടക്കം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് പറഞ്ഞു. അറസ്‌റ്റിലായവരിൽനിന്ന് യുവാവിന്റെ ഫോണും ടാബും കണ്ടെടുത്തു.
സംഭവം നടക്കുമ്പോൾ അവിടെയെത്തിയതായി സംശയിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ട്. എസ്‌ഡിപിഐ ഓഫീസിൽ യുവാവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്.
0 comments